എഡിഎമ്മിനെതിരായ പരാതി സിപിഎം കേന്ദ്രത്തില്‍ തയാറാക്കിയത്; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറി; ആരോപണങ്ങള്‍ കടുക്കുന്നു
എഡിഎം നവീന്‍ബാബുവിനെതിരായ കൈക്കൂലി പരാതി സിപിഎം കേന്ദ്രത്തില്‍ തയാറാക്കിയതെന്ന് സൂചന. തിരുവനന്തപുരത്തെ പാര്‍ട്ടി കേന്ദ്രത്തിലാണ് നവീന്റെ മരണ ശേഷം ഇത്തരമൊരു പരാതി തയാറാക്കിയത്. പരാതിയില്‍ ഒപ്പിട്ടതും കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പ്രശാന്തനല്ല. അപേക്ഷയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമായതോടെ തന്നെ ഇത് വ്യക്തമായ കാര്യമാണ്. വ്യാജമായി തയാറാക്കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറിയെന്നാണ് വിവരം.
ഇതുസംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ടീയ ഇടപെടല്‍ മൂലം ഇതില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറായിട്ടില്ല. പെട്രോള്‍പമ്പ് തുടങ്ങുന്നതിനുള്ള എന്‍ഒസിക്കായി നവീന്‍ബാബു ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തന്‍ മൊഴി നല്‍കിയിരിക്കുന്നത്.
അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ദിവ്യയെ പ്രതിരോധിക്കാനുളള സിപിഎം ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന പരാതികളിലെ നടപടിക്രമങ്ങള്‍ തന്നെയാണ് ഈ നീക്കത്തെ പൊളിച്ചത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് ഓണ്‍ലൈനായും നേരിട്ടും പരാതി നല്‍കാം. നേരിട്ട് ലഭിക്കുന്ന പരാതികളും സെല്ലിലേക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യുന്നതാണ് രീതി. മുന്‍തീയതിയില്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഈ സംവിധാനത്തില്‍ കഴിയില്ല. ഇതോടെയാണ് പ്രശാന്തന്റെ പേരിലെ പരാതിക്ക് ഡോക്കറ്റ് നമ്പറും എസ്.എം.എസ്. സന്ദേശവും ലഭിക്കാതിരുന്നത്. ഇതോടെ പരാതിയില്‍ സിപിഎം മൗനത്തിലായിരുക്കുകയാണ്.
പരാതി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന സന്ദേശം പോലീസിനും നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here