ഒടുവില്‍ സംരക്ഷണം പിന്‍വലിച്ച് സിപിഎം; ഇനിയും ദിവ്യയെ ഒളിപ്പിച്ചാല്‍ വലിയ തിരിച്ചടിയാകുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്കേസില്‍ പ്രതിയായ പിപി ദിവ്യക്ക് ഇനിയും സംരക്ഷണം വേണ്ടെന്ന സിപിഎം തീരുമാനം വലിയ തിരച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍. കേസില്‍ പ്രതിയാക്കിയിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം പ്രതിഷേധം നടത്തിയെങ്കിലും സിപിഎം അതൊന്നും കണക്കിലെടുത്തില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതചുവരെ ദിവ്യയെ തൊടരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ് പോലീസിന് ലഭിച്ചതെന്ന് ഉറപ്പാണ്. ദിവ്യ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും ആശുപത്രിയില്‍ അടക്കം ദിവ്യ ചികിത്സ തേടിയെന്ന വിവരം പുറത്തു വന്നിരുന്നു.
ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധി വന്നതോടെ തന്നെ സിപിഎം അപകടം മണത്തിരുന്നു. ഇനിയും ഒളിപ്പിക്കുന്നത് പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടി തന്നെ അപഹാസ്യപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെയാണ് കീഴടങ്ങേണ്ടി വരുമെന്ന സന്ദേശം നേതാക്കള്‍ ദിവ്യക്ക് നല്‍കിയത്. ഇതിനൊപ്പം തന്നെ വൈകാരികമായ പ്രതികരണം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയില്‍ നിന്നും ഉണ്ടായി.
ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയതേ മതിയാകൂ എന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്. നവീന്‍ ബാബുവിന്റെ മരണ ശേഷം ആദ്യമായാണ് മഞ്ജുഷ പരസ്യമായൊരു പ്രതികരണത്തിന് തയാറായത്. പത്തനംതിട്ട ജില്ലാ നേതൃത്വത്വവും ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടു. ഇതോടെയാണ് കീഴടങ്ങല്‍ എന്ന തീരുമാനമുണ്ടായത്. എന്നാല്‍ കീഴടങ്ങലിലും പോലീസ് നാടകീയത നിലനിര്‍ത്തി. അറസ്റ്റ ചെയ്തതാണോ കീഴടങ്ങിയതാണോ എന്നൊന്നും വ്യക്തമായി പറയാതെയാണ് എസ്പി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
ALSO READ: സിപിഎമ്മിൻ്റെ സദുദ്ദേശ സിദ്ധാന്തം കോടതി തോട്ടിലെറിഞ്ഞു; ഇനി പാർട്ടി എന്തുപറയും
ഉപതിരഞ്ഞെടുപ്പ് സാഹചര്യവും ദിവ്യയുടെ കീഴടങ്ങല്‍ ഇന്നു തന്നെ ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ തന്നെ ഭരണവിരുദ്ധ വികാരത്തില്‍ ഉഴലുന്ന സിപിഎമ്മിന് ദിവ്യയെ സംരക്ഷിക്കുന്നത് കൂടി ആലോചിക്കാനെ കഴിയുന്ന സാഹചര്യമല്ല. എന്നാല്‍ പിപി ദിവ്യക്ക് ഇത്രയും വലിയ സംരക്ഷണം എന്തുകൊണ്ട് ലഭിച്ചു എന്നതിന് സിപിഎം ഉത്തരം പറയേണ്ടിവരും എന്ന് ഉറപ്പാണ്. ഒളിവില്‍ കഴിയുന്ന സമയത്ത് ദിവ്യ ചികിത്സ തേടിയ സാഹചര്യമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ജയിലിലേക്ക് പോകുമോ ചികിത്സ എന്ന പേരില്‍ ആശുപത്രിയിലേക്ക് മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here