പിപി ദിവ്യ ചികിത്സ തേടിയെന്ന പ്രചരണം ബോധപൂര്‍വ്വം; മുന്‍കൂര്‍ജാമ്യം കിട്ടാതെ അറസ്റ്റിലായാല്‍ ജയിലില്‍ പോകാതെ സുഖചികിത്സ ഉറപ്പാക്കാൻ നീക്കം
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ നിലവില്‍ ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന ചൊവാഴ്ച വരെ ഈ സ്ഥിതി തുടരുമെന്ന് ഉറപ്പാണ്. ദിവ്യയെ തൊട്ടുള്ള ഒരു നീക്കവും വേണ്ടെന്ന സന്ദേശം തന്നെയാണ് പോലീസിന് സിപിഎം നല്‍കിയിരിക്കുന്നത്. കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടും എന്തിനാണ് ദിവ്യയെ സംരക്ഷിക്കുന്നത് എന്നതിന് ഉത്തരം ഇതുവരെ സിപിഎം അണികള്‍ക്ക് പോലും ലഭിച്ചിട്ടില്ല. നടപടിയെക്കുറിച്ച് ജില്ലാ നേതൃത്വത്തോട് ചോദിച്ചാല്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും സംസ്ഥാന നേതൃത്വത്തോട് ചോദിച്ചാല്‍ കണ്ണൂരില്‍ തീരുമാനിക്കും എന്നുമാണ് മറുപടി.
ഇത്തരത്തില്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയിലാണ് ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് അഭ്യൂഹം പരക്കുന്നത്. ഒളിവില്‍ കഴിയുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടായെന്നും അതിന്റെ ഭാഗമായി ചികിത്സ തേടിയെന്നുമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത് ബോധപൂര്‍വ്വമായ നീക്കമാണെന്ന വിലയിരുത്തലുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി എതിരായാല്‍ അറസ്റ്റ് അല്ലാതെ മറ്റൊരു വഴി പോലീസിനും സിപിഎമ്മിനും മുന്നിലില്ല. അറസ്റ്റുണ്ടായാല്‍ ദിവ്യ ജയിലില്‍ പോകേണ്ട സ്ഥിതി വരും. അത് ഒഴിവാക്കാനാണ് ഇപ്പോഴേ ചികിത്സാ കഥ റെഡിയായിരിക്കുന്നത്.
ഇക്കാര്യം മാധ്യമങ്ങളിലൂടെ വളരെ ബോധപൂര്‍വ്വം തന്നെ സിപിഎം പുറത്തുവിടുന്നുണ്ട്. ഇന്ന് രാവിലെ ആദ്യം ദിവ്യ കീഴടങ്ങുമെന്ന രീതിയിലാണ് സന്ദേശം പ്രചരിച്ചത്. ഇത് വ്യാപകമായി മാധ്യമങ്ങൾ ഏറ്റെടുത്തു. സിപിഎം സംരക്ഷണം ഇനിയില്ലെന്നും കീഴടങ്ങണമെന്ന നിര്‍ദേശം ദിവ്യക്ക് നല്‍കിയെന്നും വരെ വാര്‍ത്തയുണ്ടായി. എന്നാല്‍ ഉച്ചയോടെ ഇത് മാറി, മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വന്ന ശേഷം മാത്രമേ തുടർനീക്കം തീരുമാനിക്കൂ എന്നായി. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടായ ധാരണയെന്ന നിലയിലായിരുന്നു ഈ വാർത്ത. ഇതിനൊപ്പമാണ് ചികിത്സ തേടിയെന്ന പ്രചാരണം കൂടി ഉണ്ടായത്. ഇതിനിടെ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പുറത്തിറങ്ങി.
പിപി ദിവ്യയുടെ കാര്യത്തില്‍ എല്ലാ തലത്തിലുമുളള കരുതലാണ് സിപിഎം സ്വീകരിക്കുന്നത്. അത് എന്തുകൊണ്ടാണ് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. പെട്രോള്‍ പമ്പ് തുടങ്ങാന്‍ എന്‍ഒസിക്കായി അപേക്ഷ നല്‍കിയ പ്രശാന്തന്‍ ബിനാമിയാണെന്ന് ഏറെക്കുറേ വ്യക്തമായിട്ടുണ്ട്. ഇയാൾ ആരുടെ ബിനാമിയാണ്, ദിവ്യ സ്വന്തം നിലക്കാണോ, അതോ ആരുടെയെങ്കിലും നിര്‍ദേശത്തെ തുടര്‍ന്നാണോ ഈ വിഷയത്തില്‍ ഇടപെട്ടത്, അങ്ങനെയെങ്കില്‍ സിപിഎമ്മിലെ തന്നെ ഏതെങ്കിലും ഉന്നതന്‍ തിരശീലക്ക് പുറകിലുണ്ടോ എന്നിങ്ങനെ നിരവധി സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനെല്ലാമുള്ള ഉത്തരം ദിവ്യയെന്ന പ്രതിയുടെ നാവിൻതുമ്പിലാണ് ഉള്ളത്. ദിവ്യയെ ജയിലിലെ സിമ്മന്റ് തറയില്‍ കിടത്തില്ല, ആശുപത്രി കിടക്ക തന്നെ ഒരുക്കി നൽകുമെന്ന സൂചനകൾ വരുന്നത് ഈ സാഹചര്യത്തിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here