പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിന് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഎം; മന്ത്രി സജി ചെറിയാനേയും തള്ളി

യു പ്രതിഭാ എംഎല്‍എയുടെ മകന്‍ കനിവിനെതിരായ കഞ്ചാവ് കേസില്‍ മന്ത്രി സജി ചെറായനെ തള്ളി സിപിഎം. എംഎല്‍എയുടെ മകനെതിരെ എക്‌സൈസ് കേസെടുത്തത് എല്ലാ അന്വേഷണവും നടത്തിയ ശേഷമാണ്. എക്‌സൈസിനു തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പ്രതികരിച്ചു.

യു.പ്രതിഭ എംഎല്‍എയുടെ നിലപാടുകളെ മുഴുവന്‍ ജില്ലാ സെക്രട്ടറി തള്ളിപ്പറഞ്ഞിരിക്കുകയാണ്. എക്‌സൈസിനെതിരായ എംഎല്‍എയുടെ അഭിപ്രായം അവരുടെ മാത്രമാണ്. പ്രതിഭ ഒരു അമ്മയുമാണ്. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയില്‍ ഒരു സ്ത്രീയുടെ വികാരമാണ് അവര്‍ പ്രകടിപ്പിച്ചതെന്നുമാണ് നാസറിന്റെ പ്രതികരണം.

ആദ്യ ദിവസം മുതല്‍ പ്രതിഭ പറഞ്ഞതിനെ പൂര്‍ണ്ണമായും തള്ളുന്ന നിലപാടാണ് ആലപ്പുഴ സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. പുക വലിക്കുന്നത് മഹാ അപരാധമാണോയെന്നും കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തിരിക്കുന്നത് എന്തിനാണെന്നുമായി മന്ത്രി സജി ചെറിയാന്റെ വിമര്‍ശനം. ഇതിനേയും തള്ളുകയാണ് സിപിഎം ജില്ലാ സെക്രട്ടറി.

കായംകുളത്തെ സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിലും പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കേസ് സജീവമായി ചര്‍ച്ചയില്‍ നിര്‍ത്താനുള്ള നീക്കങ്ങള്‍ ഓരോ ദിവസവും സിപിഎമ്മില്‍ നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top