യുഎപിഎ നിയമം പിൻവലിക്കുമെന്ന സിപിഎം വാഗ്ദാനം ശുദ്ധതട്ടിപ്പെന്ന് മനുഷ്യാവകാശ സംഘടനകൾ; 5 കൊല്ലത്തിനിടയിൽ 145 കേസുകളെടുത്ത് കേരള പോലീസ്

തിരുവനന്തപുരം: ജനദ്രോഹ നിയമങ്ങളായ യുഎപിഎ, കളളപ്പണം വെളുപ്പിക്കൽ , പൗരത്വനിയമം തുടങ്ങിയവ പിൻവലിക്കുമെന്ന് സിപിഎം പ്രകടന പത്രിക. ഇന്നലെ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ശ്രദ്ധേയമായ ഈ വാഗ്ദാനം.

ദുരുപയോഗ സാധ്യതയുള്ള അൺലോ ഫുൾ ആക്ടിവിറ്റീസ് പ്രിൻവൻഷൻ ആക്ട് (UAPA ) സിപിഎം പ്രവർത്തകർക്കെതിരെ പോലും പ്രയോഗിച്ചതിൻ്റെ പേരിൽ കടുത്ത വിമർശനം നേരിടുന്നതാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാർ. 2019 നവംബർ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളും എസ്എഫ്ഐ പ്രവർത്തകരുമായ അലൻ ഷുഹൈബിനും, താഹ ഫസലിനുമെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎമ്മിൽ നിന്നു പോലും എതിർശബ്ദം ഉയർന്നിരുന്നു. അവർ രണ്ടുപേരും അത്ര പരിശുദ്ധന്മാരല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ അറസ്റ്റിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്.

യുഎപിഎ നിയമം പിൻവലിക്കുമെന്ന പാർട്ടി വാഗ്ദാനത്തെ മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും പരിഹാസത്തോടെയാണ് കാണുന്നത്. 2016 മുതൽ 2021 വരെയുള്ള ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 145 യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ജൂണിൽ കോൺഗ്രസ് അംഗം എ.പി. അനിൽ കുമാറിൻ്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയിൽ വെളിപ്പെടുത്തിയത്. കേരളത്തിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന യുഎപിഎ കേസുകളിൽ ബഹുഭൂരിപക്ഷത്തിലും അക്രമമോ ബലപ്രയോഗമോ പോലും ഉണ്ടായിട്ടില്ല. മുദ്രാവാക്യം വിളിച്ചതിനും മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിനുമൊക്കെയാണ് യുഎപിഎ ചുമത്തുന്നത്.

ഇത്രയേറെ യുഎപിഎ കേസുകൾ ചുമത്തിയത് സിപിഎം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്താണെന്ന കാര്യം വിസ്മരിച്ചു കൊണ്ടാണ് ജനദ്രോഹ നിയമം പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. മാവോയിസ്റ്റ് പ്രവർത്തകയായ പി.എ. ഷൈന രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസ് കേരള ഹൈക്കോടതി റദ്ദു ചെയ്തതിനെതിരെ അപ്പീൽ പോയതും ഇടത് സർക്കാരാണ്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഈ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറി. എന്നാൽ റിയാസ് മൗലവിക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ നിരസിച്ച കാര്യം ഈയടുത്ത കാലത്ത് പുറത്ത് വന്നിരുന്നു. യുഎപിഎ നിയമം ചുമത്തുന്നതിന് ഇടത് സർക്കാരിന് നയപരമായി എതിർപ്പുണ്ടെന്നായിരുന്നു ഈ കേസിൽ സ്വീകരിച്ച നിലപാട്.

“എല്ലാ വിയോജിപ്പുകളേയും രാജ്യവിരുദ്ധമെന്ന് മുദ്രകുത്തി ക്രിമിനൽവൽക്കരിച്ച് ജനാധിപത്യ രാജ്യത്തിൻ്റെ അടിത്തറയെ അട്ടിമറിക്കുന്നതാണ് രാജ്യം ഭരിക്കുന്ന സർക്കാരിൻ്റേത്. മോദിയെ വിമർശിച്ചെന്ന ഒറ്റക്കാരണത്താൽ, പ്രതിബദ്ധതയുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും ആക്ടിവിസ്റ്റുകളും അടക്കം നൂറ് കണക്കിന് പേർക്കെതിരെ ജാമ്യം പോലും നിഷേധിച്ച് യുഎപിഎ, എൻഎസ്എ, പിഎംഎൽഎ തുടങ്ങിയ കർശന നിയമങ്ങൾ വിവേചന രഹിതമായി ദുരുപയോഗിക്കുകയാണ് എന്നാണ് സിപിഎം നിലപാട്. ഇതേ രീതിയാണ് കേരളത്തിലും പോലീസ് സ്വീകരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപി ജലീലിനെ വയനാട്ടിൽ പോലീസ് വെടിവച്ച് കൊന്നതിൽ പ്രതിഷേധിച്ച് പോസ്റ്റർ ഒട്ടിച്ചതിനാണ് ലുക്ക്മാൻ പള്ളിക്കണ്ടി എന്നയാളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി 40 ദിവസം തടവിൽ വച്ചത്. ഈ കേസിൽ ചോദ്യം ചെയ്യാനെന്ന പേരിൽ ഇപ്പോഴും യുവാക്കളടക്കം പലരെയും വിളിച്ചുവരുത്തുന്നുണ്ട്. പ്രകടന പത്രികയിൽ പറയുന്നത് ആത്മാർത്ഥതയോടെ ആണെങ്കിൽ ഇനിയെങ്കിലും മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവരുടെ പേരിൽ യുഎപിഎ ചുമത്താനും ജാമ്യം നിഷേധിക്കാനും സർക്കാർ ശ്രമിക്കരുത് എന്നാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയുടെ പ്രധാന ആവശ്യം. ആദിവാസി കോളനികളിൽ മാവോയിസ്റ്റുകളെത്തി എന്ന പേരിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ എല്ലാത്തിലും വിവേചനമൊന്നും ഇല്ലാതെ പോലീസ് യുഎപിഎ ചുമത്തുകയാണ്.

യുഎപിഎ പ്രകാരം കേരളത്തിൽ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസും ഇടത് സർക്കാരിൻ്റെ കാലത്തായിരുന്നു. 2007ല്‍ ഇടതുഭരണ കാലത്ത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്നപ്പോഴാണ് ഇത്. പീപ്പിൾസ് മാര്‍ച്ച് എന്ന മാസികയുടെ പത്രാധിപരായിരുന്ന പി. ഗോവിന്ദന്‍കുട്ടിക്ക് എതിരെയാണ് ആദ്യ യുഎപിഎ കേസ് ചുമത്തിയത്. 2007 ഡിസംബര്‍ 19നാണ് ദേശദ്രോഹ ലേഖനമെഴുതിയെന്ന പേരിൽ അറസ്റ്റ് ചെയ്തത്. എന്നാല്‍, 10 വർഷത്തോളം കുറ്റപത്രം സമര്‍പ്പിക്കുകയോ കേസ് റദ്ദാക്കുകയോ ചെയ്യാതെ പോലീസ് കേസിന് മേൽ അടയിരുന്നു. 2007ല്‍ തൃക്കാക്കര അസി. കമീഷണര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗോവിന്ദൻ കുട്ടി 58 ദിവസമാണ് ജയിലില്‍ കിടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top