സഖാക്കളെ മര്‍ദിച്ച നേതാവ് ബ്രാഞ്ച് സെക്രട്ടറി; പ്രതിഷേധവുമായി അണികള്‍; പയ്യന്നൂര്‍ സിപിഎമ്മില്‍ പുകച്ചില്‍
പയ്യന്നൂർ കാരയിൽ പാർട്ടി പ്രവർത്തകരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നടപടിക്ക് വിധേയനായ നേതാവിനെ പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തതില്‍ സിപിഎമ്മില്‍ വിവാദം. അണികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കാരയില്‍ വിമത പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയില്‍ തന്നെയാണ് സിപിഎമ്മിന്റെ നടപടി. നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കായി നടപടി വേണമെന്ന് കാരയിലെ മൂന്ന് ബ്രാഞ്ചുകള്‍ ഒറ്റക്കെട്ടായി നിലപാട് എടുത്തിരിക്കെയാണ് നേതാവിന് പാര്‍ട്ടി പദവി നല്‍കിയത്.
വിഭാഗീയ പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് കാര നോർത്ത്, സൗത്ത്, വെസ്റ്റ് ബ്രാഞ്ചുകളിൽ നടത്താനിരുന്ന സമ്മേളനം മാറ്റിവച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഈ നേതാവിനെ താക്കീത് ചെയ്യാൻ തീരുമാനിച്ചിരുന്നു. 22, 23 തീയതികളിൽ സമ്മേളനത്തിനുള്ള ശ്രമവും തുടങ്ങിയിരുന്നു. അതിനിടയിലാണ് ആരോപണ വിധേയനായ നേതാവിന് പദവി നല്‍കിയത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ കണ്ണൂരില്‍ പലവിധ പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂര്‍ കാരയിലെ പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുമില്ല. കൂർക്കരയിലെ ക്ഷീരവ്യവസായ സംഘവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഒരു നേതാവിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പെരളത്ത് പ്രചരിക്കുന്ന ലഘുലേഖയും പാര്‍ട്ടിക്ക് തലവേദനയായി തുടരുകയുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here