1995 മുതലേ വിഴിഞ്ഞത്തിന് സിപിഎം പാരയെന്ന് എംവി രാഘവൻ ആത്മകഥയിൽ; തന്നോടുള്ള വിരോധം തുറമുഖത്തോട് തീർത്തെന്ന് എംവിആർ

വിഴിഞ്ഞം തുറമുഖം എൽഡിഎഫിൻ്റെയും പ്രത്യേകിച്ച് സിപിഎമ്മിൻ്റെയും വികസനനേട്ടമായി അവകാശവാദങ്ങൾ പരക്കെ പ്രചരിക്കുമ്പോൾ, തുറമുഖ മന്ത്രിയായിരുന്ന എംവി രാഘവൻ്റെ ആത്മകഥയിലെ പരാമർശങ്ങൾ ചർച്ചയാകുന്നു. തന്നോടുള്ള എതിർപ്പും വിരോധവും വിഴിഞ്ഞം തുറമുഖത്തോടുള്ള സിപിഎമ്മിൻ്റെ സമീപനത്തിൽ പ്രകടമായിരുന്നു. 1995 ഒക്ടോബറിൽ ഹൈദരാബാദിലെ കുമാർ ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടതിന് പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് സിപിഎമ്മും ദേശാഭിമാനിയും ഉന്നയിച്ചതെന്ന് ഈ ജന്മം എന്ന ആത്മകഥയിൽ എംവിആർ രേഖപ്പെടുത്തിയിട്ടുണ്ട്. എകെ ആൻ്റണി സർക്കാർ വിഴിഞ്ഞത്തിനായി നടത്തിയ ശ്രമങ്ങളെ സിപിഎം എതിർത്തത് തുറമുഖ മന്ത്രിയായിരുന്ന തന്നെ പ്രതിയായിരുന്നു എന്നാണ് എംവി രാഘവൻ എഴുതിയിരിക്കുന്നത്.

“വിഴിഞ്ഞത്ത് അന്താരാഷ്ട തുറമുഖം പ്രാവർത്തികമാക്കാനുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. സിപിഎമ്മിൻ്റെ വികസന വിരുദ്ധനയം വിഴിഞ്ഞത്തിൻ്റെ കാര്യത്തിലും പ്രകടമായി. വിഴിഞ്ഞത്ത് 2000 കോടി രൂപ ചെലവിട്ട് നടത്തുന്ന തുറമുഖ വികസനത്തിന് സിപിഎം എതിരു നിൽക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ വികസനത്തിന് രണ്ട് ധാരണാ പത്രങ്ങളാണ് വകുപ്പ് മന്ത്രിയായിരുന്ന എൻ്റെയും ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായരുടേയും സാന്നിധ്യത്തിൽ 1995 ഒക്ടോബർ 11ന് തുറമുഖ സെക്രട്ടറി സി ചന്ദ്രനും കുമാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എസ്കെ അഗർവാളും ഒപ്പുവെച്ചത്. എന്നാൽ ധാരണാ പത്രത്തിലെ വ്യവസ്ഥകൾ പ്രകാരം 100 വർഷമെങ്കിലും തുറമുഖം സ്വകാര്യ കമ്പനിയുടെ അധീനതയിലാകും എന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രചരിപ്പിച്ചത്. ബിഒടി കരാർ ഒപ്പിടുമ്പോൾ മാത്രം ഉണ്ടാകേണ്ട ഇത്തരം വ്യവസ്ഥകൾ ധാരണാപത്രത്തിൽ ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ പദ്ധതിക്കെതിരെ തിരിക്കാനായിരുന്നു ശ്രമം” -എംവിആർ എഴുതുന്നു.

ധാരണാ പത്രത്തിലെ വ്യവസ്ഥകൾ സംശയാസ്പദമാണെന്നും കമ്പനി മുന്നോട്ടുവച്ച വ്യവസ്ഥകൾ നിരുപാധികം അംഗീകരിച്ചു കൊണ്ടാണ് സർക്കാർ കരാറിൽ ഒപ്പുവച്ചത് എന്നുമായിരുന്നു ദേശാഭിമാനിയുടെ പ്രധാന ആക്ഷേപം. 1995 ഒക്ടോബർ 15ന് ‘വിഴിഞ്ഞം തുറമുഖം സ്വകാര്യമേഖലക്ക്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നത് ഇങ്ങനെ- “തുറമുഖ വികസനത്തിനെന്ന പേരിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ച ധാരണാ പത്രത്തിലെ വ്യവസ്ഥകൾ പ്രകാരം നൂറ് വർഷത്തേക്കെങ്കിലും തുറമുഖം സ്വകാര്യ കമ്പനിയുടെ അധീനതയിലാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിൻ്റെയും സ്വകാര്യ മേഖലയുടേയും കൂട്ടുപങ്കാളിത്തത്തോടെ തുറമുഖത്തിൻ്റെ വികസനത്തിന് സമഗ്ര പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാമെന്ന പ്രഖ്യാപനത്തിന് കടകവിരുദ്ധമായ വ്യവസ്ഥകളടങ്ങിയ ധാരണാപത്രമാണ് തുറമുഖ വകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന സഹകരണ മന്ത്രി എംവി രാഘവൻ്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചത്”.

2001ൽ ആൻ്റണി മന്ത്രിസഭയിൽ തുറമുഖമന്ത്രിയായി വീണ്ടും വന്നപ്പോൾ വിഴിഞ്ഞത്തിൻ്റെ വികസനത്തിനായി താൻ ഏറ്റെടുത്ത നടപടികളെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ആത്മകഥയിൽ വിവരിക്കുന്നുണ്ട്. “യുഡിഎഫ് സർക്കാർ 2001ൽ അധികാരത്തിൽ തിരിച്ചുവന്നപ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങുമെത്താതെ കിടക്കുകയായിരുന്നു. കുമാർ ഏജൻസിയുമായി എൽഡിഎഫ് സർക്കാർ ബിഒടി കരാർ ഒപ്പുവെച്ചിരുന്നെങ്കിലും രൂപരേഖയോ മാസ്റ്റർപ്ലാനോ ഒന്നുമില്ലായിരുന്നു. എൽഡിഎഫ് സർക്കാരിൻ്റെ വിഴിഞ്ഞം പദ്ധതി പ്രവർത്തനം കരാർ ഒപ്പുവയ്ക്കലിൽ ഒതുങ്ങി” -ഇങ്ങനെയാണ് എംവിആർ പരിഹസിക്കുന്നത്. എൽഡിഎഫ് സർക്കാരുമായി കരാർ ഒപ്പിട്ട കമ്പനിക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക ശേഷിയില്ലെന്ന് കണ്ടെത്തിയതിനാൽ 2002ൽ കരാർ റദ്ദാക്കിയെന്നും എംവിആർ എഴുതിയിട്ടുണ്ട്.

2015ൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോൾ സിപിഎമ്മും ദേശാഭിമാനിയും 5000 കോടിയുടെ കടൽക്കൊള്ള ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ഇതെല്ലാം തള്ളി പദ്ധതിക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇതിന് സമാനമായിരുന്നു എംവി രാഘവൻ മന്ത്രിയായിരുന്ന കാലത്ത് പദ്ധതിക്കെതിരെ അഴിച്ചുവിട്ട പ്രചാരണമെന്നാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top