ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ സിഒടി നസീര്‍ കോണ്‍ഗ്രസിലേക്ക്; സുധാകരന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടന്നുവെന്ന് നസീര്‍; ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അംഗമാകും

തിരുവനന്തപുരം: കേരളത്തിൻ്റെ അക്രമരാഷ്ട്രീയത്തിൻ്റെ ഏടുകളിൽ ആരും മറക്കാത്ത ഒന്നാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ നടന്ന ആക്രമണം. 2013 ഒക്ടോബര്‍ 27ന് കണ്ണൂരില്‍ നടന്ന പൊലിസ് അത്ലറ്റിക് മീറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക് തലയ്ക്കും നെഞ്ചത്തും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ കേസില്‍ അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന സി.ഒ.ടി.നസീര്‍ അടക്കം മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്.

പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം ശിക്ഷയാണ് സി.ഒ.ടി.നസീറിന് ലഭിച്ചത്. നസീര്‍ അതിന് ശേഷം സിപിഎമ്മില്‍ നിന്നും പുറത്താകുകയും വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി നിന്ന് പി.ജയരാജനെതിരെ മത്സരിക്കുകയുമൊക്കെ ചെയ്തിരുന്നു. കല്ലേറ് കേസില്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് നസീര്‍ മാപ്പ് പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചാണ്ടി ഉമ്മന് പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ കെട്ടിവെക്കാന്‍ പണം നല്‍കിയത് നസീറിന്‍റെ ഉമ്മയായിരുന്നു.

സിപിഎമ്മുമായി ഇടഞ്ഞ നസീറിന് നേരെ തലശ്ശേരിയില്‍ വെച്ച് വധശ്രമവും നടന്നു. ഇങ്ങനെ ഒരുപാട് തവണ വാര്‍ത്താതലക്കെട്ടുകള്‍ കയ്യടക്കിയ നസീര്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. അദ്ദേഹം കോണ്‍ഗ്രസിനോട് അടുക്കുകയാണ്. “കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ളവരുമായി സംസാരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേരാന്‍ ഏകദേശ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അംഗമാകും.”-സി.ഒ.ടി.നസീര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കണ്ണൂര്‍ ഡിസിസിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ക്ഷണം കാത്ത് നില്‍ക്കുകയാണ്. തലശ്ശേരിയിലുള്ള എന്റെ കേയി കുടുംബം കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. പിതാവ് ലീഗ് നേതാവായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലേക്ക് പ്രവേശിക്കാന്‍ മടിക്കേണ്ടതില്ല. ഉമ്മന്‍ ചാണ്ടിയുടെ കാര്‍ ആക്രമണക്കേസില്‍ ഞാന്‍ പ്രതിയായിരുന്നു. കാറിന് കല്ലെറിഞ്ഞവര്‍ സിപിഎമ്മുകാരാണ്. ആക്രമണത്തില്‍ എനിക്ക് നേരിട്ടുള്ള പങ്കില്ല. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പ്രതിഷേധത്തില്‍ പങ്കെടുക്കുകയാണ് ചെയ്തത്. കേസ് വന്നപ്പോള്‍ എന്റെ അഭിഭാഷകന്‍ അടക്കം എന്നെ ചതിച്ചു. എനിക്കെതിരായി ചിലര്‍ മൊഴി കൊടുക്കുകയും ചെയ്തു. ഇതാണ് ഞാന്‍ ശിക്ഷിക്കപ്പെടാന്‍ കാരണം. അതില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.”

“ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ടപ്പോള്‍ മാപ്പൊന്നും പറയേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഞാന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. എന്റെ സഹോദരന്റെ വിവാഹത്തിൽ അവരെ ആശീര്‍വദിക്കാന്‍ അദ്ദേഹം എത്തുകയും ചെയ്തിരുന്നു.”

“സിപിഎം അംഗമായിരിക്കെ ലോക്കല്‍ കമ്മറ്റി അംഗത്വം പുതുക്കാനുള്ള അവസരത്തില്‍ മെമ്പര്‍ഷിപ്പ് കോളത്തില്‍ മതം രേഖപ്പെടുത്തണമെന്ന് സിപിഎം ശഠിച്ചു. മതത്തോടുള്ള എതിര്‍പ്പ് ഉള്ളതിനാല്‍ ഞാന്‍ മതം രേഖപ്പെടുത്തിയില്ല. സിപിഎമ്മില്‍ നിന്നും പുറത്താവുകയും ചെയ്തു. ഇതോടെ സിപിഎം എന്നെ ശത്രുവാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമായി ഏറെ അടുപ്പത്തിലായിരുന്നു ഇപ്പോൾ സ്പീക്കറായ ഷംസീറും ഞാനും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷംസീറിന്റെ പ്രചാരണത്തിന് എത്താന്‍ എനിക്ക് കഴിഞ്ഞില്ല. പിതാവിന്റെ ശാരീരിക അവശതകളായിരുന്നു കാരണം. ഷംസീര്‍ ആ തിരഞ്ഞെടുപ്പില്‍ 3000ത്തോളം വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടത്. ഇതോടെ ഷംസീര്‍ ഞാനുമായി അകന്നു.

ഷംസീറിന്റെ ഒത്താശയോടെയാണ് എനിക്കെതിരെ തലശ്ശേരിയില്‍ വെച്ച് വധശ്രമം നടന്നത്. അക്രമി സംഘത്തില്‍പ്പെട്ട ചിലര്‍ക്ക് ആ ഓപ്പറേഷനില്‍ എത്താന്‍ കഴിയാത്തതും ആളുകള്‍ പെട്ടെന്ന് ഓടിക്കൂടിയതുമാണ് എനിക്ക് അന്ന് രക്ഷയായത്. എംഎല്‍എയായിരുന്ന ഷംസീറിന്റെ വാഹനത്തിലാണ് ആക്രമികള്‍ വന്നത്. ആ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് ഇപ്പോഴും നടക്കുന്നുണ്ട്.” -സി.ഒ.ടി.നസീര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top