പാർട്ടി അനുമതിയോടെയാണ് ലോട്ടറി രാജാവിൽ നിന്ന് പണം വാങ്ങിയതെന്ന ഇപിയുടെ വാദം കാരാട്ട് പണ്ടേ തള്ളി; വിവാദം കത്തിച്ചത് വിഎസെന്ന് ‘കട്ടൻചായ പുസ്തകം’
ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ പക്കൽ നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപ വാങ്ങിയത് പാർട്ടി തീരുമാനപ്രകാരം ആയിരുന്നുവെന്ന വാദം പാർട്ടി പണ്ടേ തള്ളിയത്. ഇ പി ജയരാജൻ്റെ ആത്മകഥയെന്ന പേരിൽ ഇപ്പോൾ പുറത്തുവന്ന ഭാഗങ്ങളിലാണ് പഴയ വിവാദത്തിൽ തൻ്റെ ഭാഗം ന്യായീകരിക്കാനായി ഇപി മുൻ വിശദീകരണം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ‘കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന പുസ്തകം വിവാദമായ ഘട്ടത്തിലാണ് പുസ്തകത്തിലെ അവകാശവാദങ്ങളും ചോദ്യം ചെയ്യപ്പെടുന്നത്.
“മാർട്ടിൻ്റെ കമ്പനി അങ്ങനെ പരസ്യം നൽകുന്നതിന് മുൻകൂറായി രണ്ടുകോടി രൂപ നല്കാമെന്ന് സമ്മതിച്ചു. അവരക്കാര്യം എന്നെ അറിയിക്കുകയും വിഷയം സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെ സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു തീരുമാനിച്ചാണ് ദേശാഭിമാനി അക്കൗണ്ടിലേക്ക് മുൻകൂർ പണം കൈപ്പറ്റിയത്.” വ്യവസ്ഥകൾക്ക് വിധേയമായി പരസ്യദാതാവിൽ നിന്ന് മുൻകൂർ കാശ് വാങ്ങിയത് ബോണ്ട് വിവാദമാക്കി, ലോട്ടറി രാജാവുമായുള്ള അവിശുദ്ധ ബന്ധമാക്കി. പാർട്ടിയിലെ വിഭാഗീയത ഇത്തരം കാൽപനിക സൃഷ്ടികൾക്ക് ആക്കം കൂട്ടുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ ഇത് ആയുധമായി ഉപയോഗിച്ചു എന്നുമാണ് ജയരാജൻ്റെ പരിഭവം.
എന്നാൽ ഈ അവകാശവാദങ്ങളെ പാടെ നിരാകരിക്കുന്ന സംഭവങ്ങളാണ് പാർട്ടിയുടെ അകത്തും പുറത്തും ഉണ്ടായത്. 2007 ജൂൺ -ജുലൈ മാസങ്ങളിലാണ് സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപയുടെ ബോണ്ട് വിവാദം മാതൃഭൂമി പത്രം പുറത്തു കൊണ്ടുവന്നത്. പാർട്ടി അംഗീകരിച്ചാണ് പണം വാങ്ങിയതെങ്കിൽ എന്തിന് പാർട്ടി ഈ പണം മാർട്ടിന് തിരിച്ചു കൊടുത്തു, എന്തിന് പാർട്ടി ഈ ഇടപാടിനെ തള്ളിപ്പറഞ്ഞു – ഈ ചോദ്യങ്ങൾക്കൊന്നും ജയരാജൻ അന്നുമിന്നും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.
സംശയകരമായ വ്യക്തിത്വമുള്ള ഒരാളിൽ നിന്ന് ദേശാഭിമാനി എന്തിന് പണം വാങ്ങിയെന്ന ചോദ്യം അവശേഷിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ട് അന്നേ പറഞ്ഞിരുന്നു. പാർട്ടി അണികളും വലിയൊരു വിഭാഗം പൊതുജനങ്ങളും ഈ ചോദ്യം ഉയർത്തിയതിനാലാണ് പണം തിരിച്ചു നൽകാൻ പാർട്ടി സംസ്ഥാന കമ്മറ്റി ശരിയായ തീരുമാനം എടുത്തതെന്ന് പാർട്ടി പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയ ലേഖനത്തിൽ കാരാട്ട് വ്യക്തമാക്കിയിരുന്നു. പാർട്ടി പത്രത്തിന് നിരക്കുന്ന രീതിയിലല്ലാതെ ക്രിമിനൽ കേസിൽപ്പെട്ടതും നിയമ വിരുദ്ധ പ്രവർത്തികൾ ചെയ്തു വരുന്നതുമായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയതിനാലാണ് പാർട്ടി അംഗങ്ങളും അഭ്യുദയകാംക്ഷികളും അംഗീകരിക്കാത്തത് എന്നാണ് കാരാട്ട് എഴുതിയത്. ഇതിനെയെല്ലാം പാടെ നിരാകരിക്കുന്ന വാദമാണ് ജയരാജൻ 17 വർഷങ്ങൾക്കു ശേഷവും ഉന്നയിക്കുന്നത്.
“അന്യസംസ്ഥാന ലോട്ടറിയുടമയിൽ നിന്ന് ദേശാഭിമാനിക്കു വേണ്ടി പണം സ്വീകരിച്ചത് തെറ്റായിപ്പോയി” എന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തുറന്ന് പറഞ്ഞിരുന്നു. പണം സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് കണ്ടതിനാലാണ് തുക മടക്കി നൽകാൻ തീരുമാനിച്ചത്. സിപിഎം വ്യത്യസ്തമായ പാർട്ടിയാണെന്ന് തെളിയിക്കാൻ കൂടിയാണിത് എന്നായിരുന്നു കോടിയേരിയുടെ നിലപാട്. സാൻ്റിയാഗോ മാർട്ടിൻ്റേത് അടക്കം അന്യസംസ്ഥാന ലോട്ടറി കമ്പനികൾക്കെതിരെ വി എസ് സർക്കാർ അന്ന് ശക്തമായി നിയമയുദ്ധം നടത്തുമ്പോഴാണ് ദേശാഭിമാനി ഈ ഇടപാട് നടത്തിയത് എന്നതാണ് കൂടുതൽ ദുരൂഹമായതും പൊതുസമൂഹത്തിൽ സിപിഎമ്മിൻ്റെ മുഖം നഷ്ടപ്പെടുത്തിയതും.
രണ്ടുകോടി രൂപയുടെ വിവാദത്തിന് ഉത്തരവാദി വി എസ് അച്യുതാനന്ദൻ ആണെന്നാണ് ജയരാജൻ്റെ പക്ഷം. അന്ന് വി എസ് മുഖ്യമന്ത്രിയായിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വവുമായി സംഘർഷത്തിൻ്റെ പാതയിലും. പ്രത്യക്ഷത്തിൽ തനിക്കെതിരെ ആണെങ്കിലും അത് സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയാക്രമണം ആയിരുന്നുവെന്ന് ജയരാജൻ പറയുന്നു. കേന്ദ്ര നേതൃത്വമാകട്ടെ തീർത്തും ദുർബലമായ സാഹചര്യത്തിലും. വി എസിൻ്റെ നിലപാടുകളെ വലിച്ചുകീറുകയും പാർട്ടിയിൽ വിഭാഗീയത വളർത്തിയതിൻ്റെ ഉത്തരവാദിത്തം അദ്ദേഹത്തിൽ ചുമത്തുകയാണ് ഇ പി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here