സോഷ്യൽ മീഡിയ കുന്തമുന കൂർപ്പിച്ച് സിപിഎമ്മും സർക്കാരും; തിരഞ്ഞെടുപ്പിലേക്ക് മാനംനോക്കി കോൺഗ്രസ്

വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സിപിഎമ്മും സർക്കാരും മുഖം മിനുക്കലിൻ്റെ ഭാഗമായി സോഷ്യൽ മീഡിയ പ്രചരണത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചു. പാർട്ടിയ്ക്കു വേണ്ടി എം വി നികേഷ് കുമാറിനേയും സർക്കാരിനു വേണ്ടി മനോഹരൻ മോറായിയേയും നിയമിച്ചു. രണ്ടു പേരും മാധ്യമ പ്രവർത്തകരുമാണ്. എന്നാൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിൻ്റെ കാര്യമാണ് പരമ കഷ്ടം. ഇക്കാര്യത്തിലൊന്നും ഒരു കൂടിയാലോചന പോലും നടത്താൻ ശേഷിയില്ലാത്ത വിധം പരമ്പരാഗത ശൈലിയിൽ രാഷ്ട്രീയ പ്രചാരണത്തിന് കോൺഗ്രസിന് കഴിയുന്നുള്ളൂ.

കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതല വഹിച്ചിരുന്ന രണ്ടു പേർ കോൺഗ്രസ് വിട്ട് എതിർ പാളയങ്ങളിലേക്ക് ചേക്കേറിയതോടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിന് തലവനുമില്ലാതായി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഡിജിറ്റൽ മീഡിയ തലവനായിരുന്ന ഡോ പി സരിൻ സിപിഎമ്മിൽ ചേർന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗമായ എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ആയിരുന്നു ഡിജിറ്റൽ മീഡിയയുടെ ആദ്യ ചുമതലക്കാരൻ. കെപിസിസിക്ക് ഒരു ഫെയ്സ് ബുക്ക് പേജു പോലുമുണ്ടാക്കാതെ പാർട്ടി വിട്ട് ബിജെപിയിൽ പോയി ചേർന്നു. ഇനി ഒരിക്കൽ കൂടി ഡിജിറ്റൽ മീഡിയ തലവനെ വെച്ചാൽ അയാളും മറുകണ്ടം ചാടുമോ എന്ന ഭയം കാരണം ആരെയും നിയമിക്കുന്നു പോലുമില്ല.

ആധുനിക കാല തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ ഏറിയപങ്കും രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയയിൽ നടത്തുമ്പോഴും കേരളത്തിലെ കോൺഗ്രസ് പാർട്ടി പ്രാകൃത കാലത്തെ പോസ്റ്ററടിക്കലും നോട്ടീസ് വീതരണവും ഫ്‌ളക്സ് വയ്ക്കലുമായി മുന്നേറുകയാണ്. ചാനൽ ചർച്ചക്ക് പോകുന്നവരുടെ യോഗം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വിളിച്ചിരുന്നു. പാർട്ടിനയം ഫലപ്രദമായി പറയുന്നതിൽ വക്താക്കൾ വേണ്ടത്ര ശോഭിക്കുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. റിസർച്ച് ആൻ്റ് പോളിസി വിഭാഗം ശക്തിപ്പെടുത്തും എന്നൊക്കെ പറഞ്ഞതല്ലാതെ കഴിഞ്ഞ 10 വർഷമായി ഒന്നും നടക്കുന്നില്ല. നടത്താൻ ആർക്കും താല്പര്യവുമില്ല –

പാർട്ടി എം പിമാരും എംഎൽഎമാരുമൊക്കെ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പാർട്ടി നയപ്രചരണങ്ങളോ നിലപാടുകളോ പറയാറില്ല. സ്വന്തം ഫോട്ടോ ഇട്ട് സായൂജ്യമടയുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. പാർട്ടിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യുട്യൂബ് പേജുകൾ ചത്തപോലെ കിടക്കയാണ്. ഇതൊക്കെ ആക്ടീവാക്കാൻ ആർക്കും താല്പര്യമില്ല എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാന ബിജെപിയുടെ അത്രപോലും നവമാധ്യമ ഇടപെടൽ നടത്താൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കെപിസിസിയിലെ ഉന്നതൻ പറഞ്ഞു. ഫണ്ട് അടിച്ചുമാറ്റൽ അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു കാലത്ത് നവമാധ്യമ ഇടപെടലിനായി ഇന്ദിരാഭവനിൽ ലക്ഷങ്ങൾ മുടക്കി സ്റ്റുഡിയോയും മറ്റും നിർമ്മിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചില തട്ടിക്കൂട്ട് സംഘങ്ങളെ കൊണ്ടിരുത്തി അതിൻ്റെ പേരിൽ പണം തട്ടലാണ് പലരുടെയും പതിവ് പരിപാടി. പാർട്ടിയുടെ ടിവി ചാനലും പത്രവും നിലവിലുണ്ടോ എന്നുപോലും ആർക്കുമറിയില്ല. ഈ രണ്ട് സ്ഥാപനങ്ങളും വർഷങ്ങളായി പാർട്ടിയുടെ വെള്ളാനകളാണ്. ചാനലിൻ്റേയും പത്രത്തിൻ്റേയും ചുമതല വഹിച്ചവർ കോടികൾ അടിച്ചുമാറ്റിയെന്ന ആരോപണം പലരും ഉന്നയിക്കുന്നുണ്ട്. ഈ സംസ്കാരത്തിൽ നിന്ന് മോചിതരാവാൻ കഴിയാത്തത് കൊണ്ടുതന്നെ നവമാധ്യമ ഇടപെടൽ ഫലപ്രദമാകുന്നുമില്ല. ചാനലിൻ്റെ യൂട്യൂബ് അക്കൗണ്ടിൽ നിന്നുള്ള വരുമാനം കമ്പനിയുടെ അക്കൗണ്ടിൽ പോലും രേഖപ്പെടുത്താതെ ഇടനിലക്കാർ മുക്കുകയാണ് പതിവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top