ഹൈക്കോടതി ചെവിക്ക് പിടിച്ചതോടെ സിപിഎം നേതാക്കള്‍ക്ക് എതിരെ കേസെടുത്ത് പോലീസ്; റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് ശരിയായില്ല
പാര്‍ട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം നടത്താന്‍ റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയതിന് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. സിപിഎം പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു, 21 ഏരിയ കമ്മിറ്റി അംഗങ്ങളേയുമാണ് പ്രതിയാക്കിയിരിക്കുന്നത്. മൈക്ക് സെറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കും. ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
റോഡ് അടച്ച് സ്റ്റേജ് കെട്ടാന്‍ ആരാണ് അധികാരം നല്‍കിയതെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. കോടതിയലക്ഷ്യമാണ് നടന്നിരിക്കുന്നത്. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നോ? എങ്ങനെയാണ് വൈദ്യുതി ലഭിച്ചത്? യോഗത്തില്‍ പങ്കെടുത്തതാര്? എന്തെല്ലാം പരിപാടികള്‍ നടത്തി? എത്ര വാഹനങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഈ നിയമലംഘനത്തിനെതിരെ സ്വീകരിച്ച നടപടികള്‍ വഞ്ചിയൂര്‍ എസ്എച്ച്ഒ നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവര്‍ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയുടെ ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മിണ്ടാതിരുന്ന പോലീസ് ഒടുവില്‍ കേസെടുക്കാന്‍ തയാറായത്. പ്രതികള്‍ക്ക് പോലീസ് നോട്ടീസയച്ചിട്ടുണ്ട്. സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനാണ് വഞ്ചിയൂരില്‍ റോഡിന്റെ ഒരുവശം പൂര്‍ണമായി അടച്ച് സ്റ്റേജ് കെട്ടിയത്. വലിയ വിവാദമായതോടെ റോഡ് അടച്ച് പൊതുസമ്മേളനം നടത്തിയത് ശരിയായില്ലെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here