കൈരളി ടിവി ന്യൂസ് എഡിറ്റർ ജനം ടിവിയിലേക്ക്; ഉപേക്ഷിക്കുന്നത് 24 വർഷത്തെ സിപിഎം ബന്ധം; വിവരം പുറത്തറിയിച്ചത് ആർഎസ്എസ് പ്രമുഖൻ

സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ന്യൂസ് എഡിറ്റർ നീലിമ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇൻപുട് എഡിറ്ററായി ഇന്ന് ജോയിൻ ചെയ്തു. 1949 മുതൽ 1964 വരെ ദേശാഭിമാനി പത്രാധിപരായിരുന്ന വിടി ഇന്ദുചൂഡൻ കമ്യൂണിസം വിട്ട് ആർഎസ്എസിൽ ചേർന്ന സംഭവത്തിന് ശേഷം മറ്റൊരു പ്രമുഖ കമ്യൂണിസ്റ്റ് മാധ്യമ പ്രവർത്തക സംഘപരിവാർ ക്യാമ്പിലേക്ക് ചെല്ലുന്നു എന്ന പ്രത്യേകതയുണ്ട് നീലിമയുടെ ചുവട് മാറ്റത്തിൽ. നീലിമ കൈരളി വിട്ട് ജനം ടിവിയിൽ ചേരുന്ന വിവരം ആർഎസ്എസിൻ്റെ ദക്ഷിണേന്ത്യാ ചുമതലയുള്ള വിശേഷാൽ സമ്പർക്ക് പ്രമുഖ് എ ജയകുമാറാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാർ തൃശൂരിൽ ആർഎസ്എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബെലയെ സന്ദർശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ജയകുമാര്‍.
“ശ്രീമതി നീലിമ.. ഒരു വർഷം ദേശാഭിമാനി പത്രത്തിലും, 24 വർഷം കൈരളി ന്യൂസ് ചാനലിലും ആയി കാൽനൂറ്റാണ്ടിന്റെ മാധ്യമപ്രവർത്തനം. കൈരളിയുടെ എഡിറ്റോറിയൽ ഡിബേറ്റ് കളിലെ നിറസാന്നിധ്യമായിരുന്നു.
കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തിൽ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്. നീലിമ ദേശീയതയുടേയും നമ്മുടെ സംസ്കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ ഇൻപുട്ട് എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്.നമ്മുടെ എല്ലാപേരുടെയും ആശീർവാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉൾക്കൊള്ളുവാൻ വേണ്ട വിശാലതയും ദീർഘവീക്ഷണവും നമുക്കുണ്ടാകണം” എന്നായിരുന്നു ജയകുമാറിൻ്റെ പോസ്റ്റ്.

നീലിമയുടെ കൂടുമാറ്റത്തെ സംഘ പരിവാർ കേന്ദ്രങ്ങൾ വലിയ ആഘോഷമാക്കി മാറ്റുകയാണ്. കൈരളി ടിവിയുടെ വാർത്താ ചർച്ചകളിലെ പ്രധാന അവതാരകയായിരുന്ന നീലിമ കൈരളിയുടെ തുടക്കം മുതൽ അവിടെ ജോലി ചെയ്തിരുന്ന ജേർണലിസ്റ്റാണ്. സിപിഎം- ബി ജെ പി ഡീലിനെക്കുറിച്ചുള്ള ചർച്ചകൾ അന്തരീക്ഷത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കമ്യൂണിസ്റ്റുകാരിയായ നീലിമ സംഘപരിവാർ പാളയത്തിലേക്ക് പോകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here