വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് വീണ്ടും സിപിഎം; ഭയപ്പെടുന്നില്ലെന്ന് എം.വി.ഗോവിന്ദൻ ദേശാഭിമാനിയിൽ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ കേന്ദ്ര എജന്‍സികളുടെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന മുൻ നിലപാട് ആവർത്തിച്ച് സിപിഎം. ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ തിരിഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണെന്ന ആരോപണം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉയര്‍ത്തിയിരിക്കുന്നത്. അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളെ നരേന്ദ്ര മോദി രാഷ്ട്രീയ ചടങ്ങാക്കിയെന്ന വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ സിപിഎം നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇഡി നടത്തുന്ന നീക്കങ്ങളും, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും, കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി രാജീവിനെതിരെയുള്ള ഇഡി നീക്കവും ഇതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഗോവിന്ദന്‍ പറയുന്നു.
പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാന്‍ ബിജെപി നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ അന്വേഷണങ്ങള്‍. അതിനെ കേരളത്തിലെ കോണ്‍ഗ്രസ് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. സിപിഎമ്മിനെ വേട്ടയാടാന്‍ മോദിക്കും ബിജെപിക്കും പിന്തുണ നല്‍കുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണ്. കേന്ദ്ര അവഗണനയ്‌ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ കാരണം ബിജെപിയുമായുള്ള ഈ അന്തര്‍ധാരയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മോദി സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളും സജീവമായിരിക്കുന്നത്. ഇത്തരം വേട്ടയാടലുകള്‍ രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും നടക്കുന്നുണ്ട്. കല്‍പ്പിത കഥകള്‍ ചമച്ച് അന്വേഷണ ഏജന്‍സികളെ കയറൂരി വിട്ടിരിക്കുകയാണ്. ബിജെപിയുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ എതിരെ ഏജന്‍സികള്‍ ഒരു ചെറുവിരലുപോലും അനക്കുന്നില്ല. റഫാല്‍, പെഗാസസ്, അദാനി ഓഹരി തട്ടിപ്പ് തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ഈ ഏജന്‍സികള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്ന പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായാല്‍ ആ നിമിഷം എല്ലാ അന്വേഷണവും ഇല്ലാതാക്കുന്നത് മോദിയുഗത്തിന്റെ പ്രത്യേകതയാണ്. ബിജെപിയും വിഎച്ച്പിയും ബജ്റംഗ്ദളും എബിവിപിയുംപോലെ സംഘപരിവാറിലെ ഒരു സംഘടനയായി അന്വേഷണ ഏജന്‍സികള്‍ മാറിയെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here