‘മുസ്ലിം സമുദായത്തിൽ സിപിഎം സ്ലീപിംഗ് സെൽ’; ഉമർ ഫൈസിയുടെ പ്രസംഗത്തിൽ ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത ശക്തമാകുന്നു
പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചുകൊണ്ട് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലും സമസ്തയിലും വിവാദം കൊഴുക്കുന്നു. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന് എതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി എംഎൽഎ രംഗത്തെത്തി. സമുദായത്തെ സിപിഎമ്മിനൊപ്പം കൊണ്ടുപോകാമെന്ന് ആരും കരുതേണ്ടെന്നാണ് മുസ്ലിം ലീഗ് എംഎൽഎ മറുപടി നൽകിയിരിക്കുന്നത്. സാദിഖലി തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല. സിപിഎമ്മാണ് നല്ലതാണെന്ന് തോന്നുന്നവർക്ക് അങ്ങോട്ട് പോകാമെന്നും ഷാജി പറഞ്ഞു.
“സിപിഎമ്മിൽ ആർഎസ്എസ് സ്ലീപ്പിംഗ് സെൽ എന്ന പോലെ സമുദായത്തിൽ സിപിഎമ്മിന്‍റെ സ്ലീപ്പിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്. അവരെ തിരിച്ചറിഞ്ഞ് വലിച്ച് താഴെയിടുക തന്നെ ചെയ്യും. അത് ഞങ്ങളുടെ ബാധ്യതയാണ്. ജിഫ്രി തങ്ങളെ ആക്ഷേപിച്ച ലീഗുകാരനെതിരെ പാണക്കാട് തങ്ങൾ ഉടൻ നടപടിയെടുത്തിരുന്നു. ആ മര്യാദ തിരിച്ചും വേണം. അധികകാലം ആക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കാൻ ആകില്ല. സിപിഎമ്മും മാർക്സിസവുമാണ് നല്ലതെങ്കിൽ അങ്ങോട്ട് പോയ്ക്കോ. ഏതു കൊമ്പത്തെ ആളായാലും പോകാം. പക്ഷേ സമുദായത്തെ അങ്ങോട്ട് കൊണ്ട് ചെന്ന് കെട്ടാമെന്ന് ഒരുത്തനും കരുതേണ്ട” -മലപ്പുറം വളാഞ്ചേരിയിൽ മുസ്ലിം ലീഗ് സമ്മേളനത്തിൽ ഷാജി പറഞ്ഞു.
സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നായിരുന്നു എടവണ്ണപ്പാറയിൽ നടന്ന പരിപാടിയിൽ ഉമർ ഫൈസി മുക്കം മുസ്ലിം ലീഗ് അധ്യക്ഷനെതിരെ വിമർശനമുയർത്തിയത്. “ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഖാദിമാർ. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കാനാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്’ – എന്നായിരുന്നു ഉമർ ഫൈസിയുടെ വിവാദ പരാമർശം.
പ്രസംഗത്തിനെതിരെ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയതോടെ ഉമർ ഫൈസിയെ തള്ളി സമസ്തയും രംഗത്തെത്തിയിരുന്നു. പ്രസംഗത്തിലെ പരാമർശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നാണ് വാർത്താകുറിപ്പിലൂടെ സമസ്ത അറിയിച്ചത്. എന്നാൽ ഉമർ ഫൈസിക്ക് പിന്തുണയുമായി ഒരു വിഭാഗം നേതാക്കളും എത്തിയതോടെ വിവാദം കൊഴുക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here