ക്ഷേത്രപ്രവേശന വിളംബരാഘോഷ ക്ഷണക്കത്ത് പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്, തീരുമാനം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ദാസ്യപ്പണിയെന്ന് വിമര്‍ശനമുയര്‍ന്നതോടെ

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര ദിനത്തോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് പിന്‍വലിച്ചു. സിപിഎം അണികള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ക്ഷണകത്ത് പിന്‍വലിച്ചത്. ജനാധിപത്യവുമായി ബന്ധമുള്ളവരെയും ദളിത് പിന്നാക്ക വിഭാഗക്കാരെയും ഒഴിവാക്കി തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ ചടങ്ങില്‍ മുഖ്യാതിഥികളാക്കിയതിന്റെ പേരിലാണ് പ്രതിഷേധമുയര്‍ന്നത്.

രാജകുടുംബാംഗങ്ങളിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും ദേവസ്വം ബോര്‍ഡ് എഴുന്നള്ളിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം. ചടങ്ങുമായി ബന്ധപ്പെട്ട് പുരാവസ്തുവകുപ്പ് തയാറാക്കിയ ക്ഷണക്കത്തിലെ ഭാഷ രാജകുടുംബത്തിനോടുള്ള ദാസ്യം പ്രകടിപ്പിക്കുന്നതാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ദേവസ്വം മന്ത്രിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനവും ദേവസ്വം ബോര്‍ഡിനെതിരെയും ക്ഷണക്കത്ത് തയാറാക്കിയ പുരാവസ്തുവകുപ്പിനെതിരെയും സിപിഎം അനുകൂല സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ ഉയരുന്നിരുന്നു. സനാതന ധര്‍മം, ഹിന്ദുക്കളുടെ ഉദ്‌ബോധനം തുടങ്ങിയ വാക്കുകളും പുണ്യശ്ലോകനായ മഹാരാജാവ്, ലളിതമധുരമായ സ്വഭാവ വൈശിഷ്ട്യമുള്ള തമ്പുരാട്ടിമാര്‍ എന്നിങ്ങനെ രാജകുടുംബാംഗങ്ങള്‍ക്കുമേല്‍ കത്തില്‍ വാരിച്ചൊരിയുന്ന പ്രശംസാ വാചകങ്ങളുമാണ് സിപിഎം അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് രാജകുടുംബത്തോടും സവര്‍ണ മേല്‍ക്കോയ്മയോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരെ പ്രതിഷ്ഠിച്ചുവെന്നാരോപിച്ച് ഇടതു സര്‍ക്കാരിനെ പരിഹസിക്കുന്നവരുമേറെയാണ്.

‘തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശം. അതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരപുരസ്‌കാരങ്ങള്‍ ദളിത് സമൂഹത്തിലെ പ്രതിഭകള്‍ക്ക് നല്‍കിവരുന്നുത്. ഡോ.പല്‍പ്പു ഉള്‍പ്പടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ സ്ഥലമാണ് തിരുവതാംകൂര്‍ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് അഭിനവ തമ്പുരാട്ടിമാരിലൂടെ ആ നാടുവാഴിത്ത മേധാവിത്തത്തേയും സംസ്‌കാരത്തേയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണ്.’- കഥാകൃത്തും സിപിഎം സഹയാത്രികനുമായ അശോകന്‍ ചരുവില്‍ ഫേസ് ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയുടെ പേര് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു നല്‍കാനുള്ള കൊച്ചി നഗരസഭയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച അശോകന്‍ കൊച്ചി രാജാക്കന്മാര്‍ ശുദ്ധമണ്ടന്മാരും കോമാളികളും ബ്രിട്ടീഷ് വാഴ്ചയുടെ ദാസരുമായിരന്നു എന്ന് പ്രതികരിച്ചിരുന്നു.

ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമര്‍പ്പണമാണ് വിളംബര ദിനമായ നവംബര്‍ 13 തിങ്കളാഴ്ച ദേവസം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്നത്. ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപനാണ് ഉദ്ഘാടനകന്‍. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പ്രതിമിയ്ക്കു മുന്നില്‍ രാജകുടുംബാംഗങ്ങളായ പൂയം തിരുനാള്‍ ഗൗരീപാര്‍വതി ഭായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായിയും പുഷ്പാര്‍ച്ചനയും നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top