ജാതി സെൻസസ് സിപിഎം അനുകൂലിക്കേണ്ടി വരുമോ? സമ്മര്‍ദ്ദവുമായി സിപിഎമ്മിലെ പട്ടികജാതി ക്ഷേമസമിതി രംഗത്ത്

തിരുവനന്തപുരം: ജാതി സെൻസസിന് അനുകൂല നിലപാട് സ്വീകരിക്കാൻ സിപിഎമ്മിലെ പട്ടികജാതി ക്ഷേമസമിതി ജില്ലാ നേതൃയോഗങ്ങളില്‍ ആവശ്യമുയരുന്നു. പികെഎസിന്റെ വിവിധ ജില്ലാ കമ്മിറ്റികളിലും നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജാതി സെൻസസിനായി സിപിഎം മുൻകൈയെടുക്കണമെന്നും കേരളത്തിൽ നടപ്പാക്കണമെന്നുമാണ് പികെഎസ് നേതൃയോഗങ്ങളിലെ അഭിപ്രായം. കരളത്തിൽ തല്‍ക്കാലം ജാതി സെൻസസ് വേണ്ടെന്ന നിലപാടിലാണ് സിപിഎമ്മും സർക്കാരും. കേരളത്തിലെ സാഹചര്യത്തിൽ തത്കാലം പരസ്യനിലപാട് വേണ്ടെന്ന അഭിപ്രായത്തിലാണ് പാര്‍ട്ടി.

ജാതി സെൻസസ് അത്യാവശ്യമാണെന്ന അഭിപ്രായവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ കെ.സോമപ്രസാദ് രംഗത്തെത്തിയിട്ടുണ്ട്. പികെഎസ് സംസ്ഥാന സെക്രട്ടറിയാണ് അദ്ദ്ദേഹം. ‘സുകുമാരൻ നായരും ജാതി സെൻസസും’ എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ജാതി സെൻസസിനായി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

സോമപ്രസാദിന്റെ എഫ്ബി കുറിപ്പ്:

സുകുമാരന്‍ നായരും ജാതി സെന്‍സസും.
ജാതി സെന്‍സസിനും സാമുദായിക സംവരണത്തിനുമെതിരെ N.S.S ജനറല്‍ സെക്രട്ടറി ശ്രീ.സുകുമാരന്‍ നായരുടെ പുതിയ വെളിപാടുകള്‍ വന്നിരിക്കുന്നു.
ഇന്ത്യയുടെ അഖണ്ഡതയ്ക്കു ഭീഷണി ജാതി സംവരണമത്രെ!!
ജാതിസെന്‍സസ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമത്രെ!!
ജാതി സംവരണത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ നൽകുന്ന ഇളവുകള്‍ യോഗ്യതയില്‍ വെള്ളം ചേര്‍ക്കുന്നുവത്രെ!!
ജാതി സംവരണത്തെപ്പറ്റി ഭരണഘടന മിണ്ടുന്നില്ലത്രെ!!
രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ജനങ്ങളെ സവര്‍ണ – അവര്‍ണരെന്ന് വിഭജിപ്പിച്ചു തമ്മിലകറ്റുന്നുവത്രെ!!
ശ്രീ.സുകുമാരൻ നായരുടെ അവകാശവാദങ്ങള്‍ക്കു യാഥാര്‍ഥ്യവുമായി വല്ല ബന്ധവുമുണ്ടോ?

ഇന്ത്യാ രാജ്യത്ത് സംവരണം നടപ്പാക്കി തുടങ്ങിയിട്ടു ഒരു നൂറ്റാണ്ട് പോലും തികയുന്നില്ല. അതിനുമുൻപ് ജാതിയും ജാതിവിവേചനവുമുണ്ടായിരുന്നില്ലേ ? ഹിന്ദു മതാചാരത്തിന്‍റെ ഭാഗമായി നൂറ്റാണ്ടുകളായി രാജ്യത്ത് നിലനില്ക്കുന്ന ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയും
അതിന്റെ ഭാഗമായ ജാതിയും ജാതീയമായ ഉച്ചനീചത്വങ്ങളും രാഷ്ട്രീയക്കാരുടെയോ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെയോ ജാതി സംവരണത്തിന്‍റെയോ സൃഷ്ടിയാണോ ?
മനുസ്മൃതി ഏത് രാഷ്ട്രിയക്കാരന്‍റെ സൃഷ്ടിയാണ് ? മനുഷ്യ സമൂഹത്തിനെയാകെ തീറ്റിപോറ്റാനവശ്യമായ ധാന്യമുള്‍പ്പടെ ഭക്ഷ്യ വസ്തുക്കള്‍ അടക്കം ഉല്‍പാദിപ്പിച്ചവരെ മനുഷ്യരായിപോലും പരിഗണിക്കാതെ പാപയോനിയില്‍ ജനിച്ചവര്‍ എന്ന് ചാപ്പകുത്തി അധോഗതിയിലേക്ക് തള്ളി വിട്ടത് ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ?

ജാതി വിവേചനത്തിന്‍റെ തിക്തഭലങ്ങള്‍ അനുഭവിക്കേണ്ടിവരുകയും ജന്മം നൽകിയവനെ അച്ഛൻ എന്ന് വിളിക്കാൻ സ്വാതന്ത്ര്യം ഇല്ലാതിരിക്കുകയും സ്വന്തം ഇഷ്ടത്തിന് വിപരീതമായി നമ്പൂതിരിമാരുടെ കാമപേക്കൂത്തിന് വിധയമാകേണ്ടിവരികയും ചെയ്ത വനിതകളെ കൊണ്ടുനിറഞ്ഞ ഒരു ഭൂതകാലം ശൂദ്രനായര്‍ക്കുണ്ടായിരുന്നു എന്ന സത്യം ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ ശ്രീ.സുകുമാരന്‍ നായര്‍ക്കു കാണാനാകും. അതും ജാതി സംവരണത്തിന്‍റെയോ രാഷ്ട്രീയക്കാരന്‍റെയോ സൃഷ്ടിയാണോ?
ഇന്ത്യയിൽ തന്നെ സംവരണം എന്ന ആവശ്യം ആദ്യം ഉയർത്തിയത് ദലിതനോ പിന്നാക്കക്കാരനോ മത ന്യൂന പക്ഷത്തില്‍പെട്ടവരോ അല്ല. കേരളം രൂപം കൊള്ളുന്നതിനു മുൻപ് തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ഉന്നതപദവികൾ എല്ലാം കയ്യടക്കി വെച്ചിരുന്നത് പരദേശി ബ്രാഹ്മണരായിരുന്നു. അതിനെതിരെ ഉദ്യോഗ നിയമനങ്ങളിൽ തങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളി ബ്രാഹ്മണരും നായരും മറ്റുള്ളവരും തിരുവിതാംകൂർ ഭരണാധികാരികൾക്ക് 1891ല്‍ സമർപ്പിച്ച നിവേദനമാണ് ‘മലയാളി മെമ്മോറിയൽ’., സംവരണത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ആദ്യ നിവേദനം.

നമ്പൂതിരിക്കും നായർക്കും സംവരണം കിട്ടിയാൽ കൊള്ളാം; ദളിതർക്കും പിന്നാക്കക്കാർക്കുമാണെങ്കിൽ രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് എതിരും ; ശ്രീ.സുകുമാരന്‍ നായരുടെ നിലപാട് കൊള്ളാം. അദ്ധേഹം വീണ്ടും അരുളുന്നതു ശ്രദ്ധിക്കു: സംവരണം വെറും പത്തു വര്‍ഷത്തേക്കു മാത്രമാണ് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത് എന്നാല്‍ 76 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്നു., എന്തൊരു മഹാപാതകമാണ്!
സംവരണം എന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം പോയ ജനവിഭാഗത്തെ മറ്റുള്ളവരോടൊപ്പം സമന്‍ന്മാരാക്കി ഉയർത്തി കൊണ്ടുവരുന്നതിനും ഭരണകൂടത്തിൽ പങ്കാളിത്തം നൽകുന്നതിനും വേണ്ടിയുള്ള ഭരണഘടനാ നടപടിയാണ്.സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും മറ്റുള്ളവരോടൊപ്പം തുല്യത നേടുമ്പോൾ മാത്രമേ അത് അവസാനിപ്പിക്കാനാവു. ശ്രീ സുകുമാരൻ നായർ പറയുന്നതുപോലെ പത്തുവർഷത്തെ കാലപരിധി ഭരണഘടനയിലെങ്ങും പറയുന്നില്ല.പാർലമെന്‍റ്,നിയമസഭകൾ എന്നിവിടങ്ങളിലെ പ്രാധിനിത്യത്തെ സംബന്ധിച്ചു മാത്രമാണ് പത്തുവര്‍ഷം കൂടുമ്പോഴുള്ള പരിശോധനയെപ്പറ്റി പറയുന്നത്. സംവരണം അതുമാത്രമല്ലല്ലൊ.
ജാതി സംവരണത്തെ പറ്റി ഭരണഘടന മിണ്ടുന്നില്ല എന്നാണ് മറ്റൊരു വാദം ; ശരിയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വർക്കാണ് സംവരണം ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. സാമൂഹികമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനം കണ്ടെത്താൻ സർക്കാർ നിരവധി കമ്മീഷനുകളെ- ‘കാക്കാകലേക്കര്‍ മുതല്‍ മണ്ഡല്‍’വരെ- നിയോഗിക്കുകയും സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനം ജാതീയമായ പിന്നാക്കാവസ്ഥയും വിവേചനവുമാണെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ജാതി – സാമുദായിക സംവരണം ഏർപ്പെടുത്തപ്പെട്ടത്. ദലിതനു വഴിനടക്കാനും, വിദ്യഅഭ്യസിക്കാനും, നല്ല വസ്ത്രം ധരിക്കാനും, ക്ഷേത്രത്തില്‍ കയറാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടത് അധസ്ഥിത ജാതിയില്‍ പിറന്നതുകൊണ്ട് മാത്രമാണ്.
ജാതി സംവരണത്തിന്‍റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ യോഗ്യത(മെറിറ്റ്) യില്‍ വെള്ളം ചേര്‍ക്കുന്നു എന്നാണ് മറ്റൊരു ആക്ഷേപം.ഇതിൽ യാതൊരു വസ്തുതയുമില്ല, കാരണം വിദ്യാഭ്യാസരംഗത്ത് പ്രവേശനത്തിനു മാത്രമാണ് സംവരണം. പഠിക്കുന്ന കോഴ്സ് പാസാവാനല്ല. അവിടെയും കോഴ്സിനു ചേരാനുള്ള മിനിമം യോഗ്യത, മറ്റുള്ളവരെപ്പോലെതന്നെ നേടണം. അല്ലാത്തവര്‍ക്കു പ്രവേശനമില്ല. 10-ാം ക്ലാസ്സു പാസ്സാകുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അടുത്ത ഉന്നത വിദ്യാഭ്യാസത്തിനു ചേരാന്‍ യോഗ്യത നേടിയെന്നാണ്.10-ാം ക്ലാസ്സ് പാസാവാത്ത ആരെയെങ്കിലും ദലിതനായതിന്‍റെ പേരില്‍ 11-ാം ക്ലാസ്സില്‍ പ്രവേശിപ്പിക്കുമോ?
അതുതന്നെയാണ് ഉദ്ധ്യോഗ സംവരണത്തിന്‍റെ കാര്യത്തിലും. ഏതൊരു തസ്തികയിലേക്കും കല്പിക്കപ്പെടുന്ന മിനിമം യോഗ്യതയില്ലാത്തവരെ സംവരണത്തിന്‍റെ ആനുകൂല്യത്തില്‍ നിയമിക്കപ്പെടില്ലല്ലോ.

മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവരെയോര്‍ത്ത്
ശ്രീ.സുകുമാരന്‍ നായര്‍ കരയുകയാണ്. N.S.Sന്‍റെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവരായ എത്ര നായന്‍മാര്‍ക്ക് സുകുമാരന്‍ നായര്‍ ജോലി നല്‍കിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ? ‘സംഭാവന’ വാങ്ങാതെ എത്രപെരെ നിയമിച്ചിട്ടുണ്ട്?. മാത്രമല്ല EWS വന്നതോടെ സംവരണത്തിന് അര്‍ഹതയില്ലാത്ത ഒരു ജനസമൂഹവും ഇന്ത്യയിലില്ല. ‘നമ്പൂതിരി മുതല്‍ നായാടി’ വരെ എല്ലാവരും സംവരണത്തിന്‍റെ പരിധിക്കുള്ളിലാണ്. ജാതിസെന്‍സസു വന്നാല്‍ അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ തങ്ങള്‍ കെെവശം വച്ചനുഭവിക്കുന്ന സത്യം മറ്റുള്ളവര്‍ മനസ്സിലാക്കപ്പെടുമോ എന്ന വേവലാതിയാണോ ശ്രീ.സുകുമാരന്‍ നായരെ പരിഭ്രാന്തനാക്കുന്നത്.?

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top