മദ്രസകൾ നിർത്തലാക്കിയാൽ കേരളത്തില്‍ പ്രശ്നമാകില്ല; വീണയെ ചോദ്യം ചെയ്തതിൽ പാർട്ടി മറുപടി പറയില്ലെന്നും എംവി ഗോവിന്ദന്‍


മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴി രേഖപ്പപ്പെടുത്തിയ എസ്എഫ്ഐഒ നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നത്തിലും പാര്‍ട്ടി മറുപടി പറയേണ്ടതില്ല. വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണ്. ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേസ് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ല. കേസില്‍ സിപിഎം ബിജെപിയുമായി സന്ധി ചെയ്ത് അവസാനിപ്പിച്ചെന്നായിരുന്നു മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ മാധ്യമങ്ങള്‍ മാറ്റിപ്പറയുന്നു. ഒത്തുതീർപ്പിലെത്തിയെന്ന് പറഞ്ഞവര്‍ വലിയ കേസ് വരാന്‍ പോകുന്നുവെന്ന് ഇപ്പോൾ പറയുന്നു. ആദ്യം പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തെറ്റാണെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

സർക്കാർ ധനസഹായം നിർത്തി മദ്രസകൾ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മിഷൻ്റെ നിർദ്ദേശത്തെ എംവി ഗോവിന്ദൻ വിമർശിച്ചു. കമ്മിഷൻ നിലപാട് ഭരണഘടനാ വിരുദ്ധവും മതേരത്വത്തിന് എതിരുമാണ്. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദ്ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്രസകൾ മറ്റ് സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദ്ദേശം പ്രശ്നമാകില്ല. ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്.

പലയിടത്തും പൊതുവിദ്യാലയത്തിന്‍റെ അഭാവത്താൽ മദ്രസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ അവ നിര്‍ത്തലാക്കുന്നത് അത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതിനാൽതിനാൽ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top