ഇ.ഡിക്ക് വഴങ്ങി എം.കെ കണ്ണൻ, ടി.ആർ രാജനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഇ.ഡിക്ക് കൈമാറി. എം.കെ. കണ്ണന്‍റെ പ്രതിനിധികള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയാണ് സ്വത്ത് വിവരങ്ങൾ കൈമാറിയത്. നേരത്തെ രണ്ട് തവണ കണ്ണന് ഇ.ഡി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം വിവരങ്ങൾ നൽകിയിരുന്നില്ല. മൂന്നാമത് നൽകിയ നോട്ടീസിലെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കണ്ണൻ്റെ പ്രതിനിധികൾ വിവരങ്ങൾ കൈമാറാനെത്തിയത്.
ആദായ നികുതി രേഖകൾ, സ്വയാർജിത സ്വത്തുക്കൾ, കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ എന്നിവ സംബന്ധിക്കുന്ന രേഖകൾ കൈമാറാനായിരുന്നു ഇ.ഡി നിർദേശം. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം.കെ കണ്ണന് എന്തെങ്കിലും പങ്കുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
അതേസമയം, കേസിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ആര്‍ രാജൻ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. പെരിങ്ങണ്ടൂർ ബാങ്കിൽ പി.ആർ അരവിന്ദാക്ഷന് രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിൽ 63.56 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. എന്നാൽ അരവിന്ദാക്ഷനും അമ്മയ്ക്കും ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന ആരോപണം ബാങ്ക് നിഷേധിച്ചിരുന്നു. ഇത് ചൂണ്ടി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് വാർത്താക്കുറിപ്പും പുറത്തിക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here