സിപിഎം സമ്മേളനകാലം എങ്ങനെ വേറിട്ടതാകും? ബ്രാഞ്ച് അംഗത്തിന് ജന. സെക്രട്ടറിയെയും വിമര്‍ശിക്കാം; സംഘടനാ റിപ്പോര്‍ട്ട് വജ്രായുധം; ഇങ്ങനെ വേറൊന്നില്ല

സിപിഎം സമ്മേളനകാലം വാര്‍ത്തകളില്‍ നിറയുന്നതിന് കാരണങ്ങള്‍ പലതുണ്ട്. സ്വയം വിമര്‍ശനത്തിനും ഉള്‍പാര്‍ട്ടി വിമര്‍ശനത്തിനും ഉള്ള സമാനതയില്ലാത്ത വേദിയാണിത് എന്നതാണ് ഏറ്റവും പ്രധാനം. ഏറ്റവും കീഴ്ഘടകമായ ബ്രാഞ്ചിലെ സമ്മേളനങ്ങളില്‍ തുടങ്ങി, സംസ്ഥാന സമ്മേളനവും കടന്ന് ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാനിക്കുന്നതാണ് ഈ കാലയളവ്. ഇതിനിടയില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ അംഗങ്ങളുടെ വിമര്‍ശനത്തിന് വിധേയരാകും. പാര്‍ട്ടിക്ക് ഭരണമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രവര്‍ത്തനം നിശിതമായി വിലയിരുത്തപ്പെടും. പാര്‍ട്ടിയില്‍ എത്ര ശക്തനാണെങ്കിലും മുഖ്യമന്ത്രിക്കും ഇതില്‍ നിന്നൊഴിവില്ല. ഭരണനേതൃത്വവും പാര്‍ട്ടി നേതൃത്വവും ഓരോന്നിനും മറുപടിയും നല്‍കേണ്ടി വരും. ഇതെല്ലാം കൊണ്ടാണ് ഓരോ സമ്മേളനകാലവും സിപിഎമ്മിന് അതീവ നിര്‍ണായകമാകുന്നത്. ഇക്കാലത്ത് നേതാക്കള്‍ കരുതലോടെ നീങ്ങുന്നതും ഇക്കാരണം കൊണ്ടുതന്നെ.

പാര്‍ട്ടിയില്‍ പുകയുന്ന പല വിഭാഗീയ പ്രശ്നങ്ങളും പൊട്ടിത്തെറിയിലേക്ക് എത്തുന്നത് സമ്മേളനകാലത്താണ്. മേല്‍കമ്മറ്റിയുടെ പ്രവര്‍ത്തനത്തില്‍ അല്ലെങ്കില്‍ നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ എല്ലാമുള്ള വിമര്‍ശനങ്ങള്‍ തുറന്ന ചര്‍ച്ചയാകും. ഒപ്പം തന്നെ കഴിഞ്ഞ സമ്മേളനം മുതല്‍ ഈ സമ്മേളനം വരെ ഓരോ കമ്മറ്റിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതാണ് സമ്മേളനത്തിലെ വജ്രായുധം. അതില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. ഇതില്‍ ഉന്നയിക്കപ്പെടുന്ന ഓരോ ആക്ഷേപത്തിനും അതാത് ഘടകങ്ങളുടെ ചുമതലുള്ളവര്‍ മറുപടിയും പറയേണ്ടി വരും. തിരഞ്ഞെടുപ്പിലെ പോരായ്മകള്‍ മുതല്‍ നേതാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വരെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. ചിലപ്പോഴെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ വെട്ടിനിരത്താന്‍ എതിര്‍വിഭാഗം ഉപയോഗിക്കുന്നതും ഈ റിപ്പോര്‍ട്ട് തന്നെയാണ്.

വിഎസ് പിണറായി വിഭാഗീതയുടെ കാലത്ത് എതിര്‍ ചേരിയിലുള്ളവരെ വെട്ടിനിരത്തിയതെല്ലാം സമ്മേളനകാലത്തായിരുന്നു. അതിന് ഉപയോഗിച്ചത് സംഘടനാ റിപ്പോര്‍ട്ടും. ഇതോടെ നില്‍ക്കകള്ളിയില്ലാതെ പല നേതാക്കളും വിഎസ് പക്ഷം വിട്ട് പിണറായിക്കൊപ്പം കൂടിയതും ചരിത്രമാണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടിക്കെതിരെ വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അടക്കം ഇടംവലം നിന്നവരെ പാര്‍ട്ടിയുടെ പോലും പടിക്ക് പുറത്താക്കിയത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനം കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമാണെന്ന് പറയാം.

ബ്രാഞ്ച് സമ്മേളനത്തില്‍ പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പങ്കെടുക്കാം എന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നത്. ബ്രാഞ്ച് സമ്മേളനമാണ് ബ്രഞ്ച് സെക്രട്ടറിയേയും തൊട്ടുമുകളിലുള്ള ഉപരി കമ്മറ്റിയായ ലോക്കല്‍ സമ്മേളനത്തിനുളള പ്രതിനിധികളെയും തിരഞ്ഞെടുക്കുന്നത്. ഇവരാണ് ലോക്കല്‍ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഈ പ്രതിനിധികളില്‍ നിന്നാണ് ലോക്കല്‍ സെക്രട്ടറിയേയും ലോക്കല്‍ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്. പാര്‍ട്ടി പാനല്‍ അവതരിപ്പിക്കുന്ന പാനലില്‍ എതിരഭിപ്രായമുള്ള ഏത് പ്രതിനിധിക്കും സെക്രട്ടറി സ്ഥാനത്തേക്കും കമ്മറ്റിയിലേക്കും മത്സരിക്കാം. ഇത് തന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് വരേയുമുള്ള സംഘടനാ തിരഞ്ഞെടുപ്പ് രീതി.

ലോക്കല്‍ സമ്മേളനം ഏരിയ പ്രതിനിധികളേയും ഏരിയ സമ്മേളനം ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുക്കും. ജില്ലാ സമ്മേളനം സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളേയും, സംസ്ഥാന സമ്മേളനം പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളേയും തിരഞ്ഞെടുക്കും. ഈ സമ്മേളന ക്രമത്തില്‍ ഏതിലെങ്കിലും വീഴ്ച വന്നാല്‍ അത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടത്തിപ്പിനെ വരെ ബാധിക്കും. ചിട്ടയായ ഈ രീതി പിന്തുടരുന്നത് കാരണമാണ് ഇപ്പോള്‍ കൊല്ലം കരുനാഗപള്ളിയിലേയും പത്തനംതിട്ട തിരുവല്ലയിലേയും തര്‍ക്കങ്ങള്‍ ഏറെ നിര്‍ണായകമാകുന്നതും. സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തി പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഗൗരവസ്വഭാവത്തെ കാണിക്കുന്നതാണ്.

പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനം ഇരുമ്പ് മറയ്ക്കുള്ളില്‍ നടത്തുന്നു എന്ന വിശേഷമാണ് പലപ്പോഴും നല്‍കാറുള്ളത്. കാരണം സമ്മേളന റിപ്പാര്‍ട്ട് മുതല്‍ പ്രതിനിധികളുടെ വിമര്‍ശനം വരെ ഒന്നും പുറത്ത് വിടുന്ന പതിവില്ല. ആര്‍ക്കെങ്കിലും എതിരെയുള്ള അച്ചടക്ക നടപടിയോ തിരുത്തല്‍ പ്രക്രിയയോ ഉള്‍പ്പെടെ പരസ്യപ്പെടുത്തണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നത് അല്ലാതെ ഒരു വിമര്‍ശനവും വെളിച്ചം കാണില്ല. സെക്രട്ടറി സ്ഥാനത്തേക്ക് സമവായം ഉണ്ടാക്കാനാകാതെ മത്സരം നടന്നാല്‍, അതും പുറത്ത് അറിയാറില്ല. കേഡര്‍ സംവിധാനത്തിലൂടെ സിപിഎം വളര്‍ത്തിയെടുത്തതാണ് ഈ ഇരുമ്പുമറ. എന്നാല്‍ ഇന്നെല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. സമ്മേളനങ്ങളിലെ തമ്മില്‍തല്ലും വിമര്‍ശനവുമെല്ലാം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്ന രീതി കഴിഞ്ഞ കുറേക്കാലമായി കാണാം.

ഇപ്പോഴത്തെ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. തുടര്‍ ഭരണം ലഭിച്ച ശേഷമുണ്ടായിട്ടുള്ള പല അനഭിലഷണീയ പ്രവണതകളെക്കുറിച്ചും പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഉള്ളില്‍ അടക്കിവച്ചിരിക്കുന്നതിന്റെ പലതിന്റെയും ബഹിര്‍സ്ഫുരണം മാത്രമാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്ന വിമര്‍ശനങ്ങള്‍ എന്നതാണ് വാസ്തവം. മഞ്ഞുമലയുടെ അഗ്രം പോലെ എന്നും പറയാം. അതുകൊണ്ട് തന്നെ ഇത്തവണത്തെ സംസ്ഥാന സമ്മേളനവും നിര്‍ണായകമാണ്. ഭരണം അവശേഷിക്കുന്ന ഏക സംസ്ഥാനത്തെ പാര്‍ട്ടിയെ തിരുത്താന്‍ കിട്ടുന്ന അവസരം അവസരമാണെന്ന് കരുതിത്തന്നെ പലരും ഇതിനെ ഉപയോഗിക്കുന്നതാണ് പലയിടത്തും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top