ജോലിക്ക് പോയിരുന്ന മുകേഷ് മടങ്ങിയെത്തി; മൂന്നാം ദിവസം സിപിഎം സമ്മേളന വേദിയിൽ; മാധ്യമങ്ങളുടെ കരുതലിന് നന്ദിയെന്ന് പരിഹാസം

ഒടുവില്‍ സ്ഥലം എംഎല്‍എ മുകേഷ് കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തി. സമ്മേളനം തുടങ്ങി രണ്ട് ദിവസം പിന്നിട്ട ശേഷമാണ് മുകേഷ് എത്തിയത്. മാധ്യങ്ങളില്‍ മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാതിന് പിന്നാലെയാണ് പ്രത്യക്ഷപ്പെടല്‍.

ജോലി തിരക്കുണ്ടായിരുന്നതിനാലാണ് സമ്മേളനത്തില്‍ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. വലിയ കരുതലിന് നന്ദി പറഞ്ഞാണ് മുകേഷ് മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ട് ദിവസം സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ മാധ്യമങ്ങള്‍ കാണിക്കുന്നുണ്ടല്ലോ. നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് പരിഹാസത്തോടെ പ്രതികരിച്ചു.

സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് തന്റെ അസാന്നിധ്യം ചര്‍ച്ചയായത്. സമ്മേളനത്തിന് എത്തുന്നത് പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധികളാണ്. ഞാന്‍ പ്രതിനിധിയല്ല, അതുകൊണ്ട് സമ്മേളനത്തിന് എത്തുന്നതിന് പരിമിതികളുണ്ടെന്നും മുകേഷ് പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ചുള്ള കബഡി മത്സരത്തിന് സമ്മാനം നല്‍കിയത് താനാണെന്നും മുകേഷ് പറഞ്ഞു.

എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകന്റെ റോളില്‍ നില്‍ക്കേണ്ട ആളാണ് ഷൂട്ടിങ്ങിന് പോയി എന്നു പറഞ്ഞ് സമ്മേളനം ഒഴിവാക്കിയത്. മുകേഷ് എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി വേദികളില്‍ നിന്നും സിപിഎം മാറ്റി നിര്‍ത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top