സിപിഎം നേതൃയോഗങ്ങളിലേക്ക്; നവകേരള സദസിന്റെ വിലയിരുത്തല്‍ നടക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്നുള്ള രണ്ടുദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരും. നവകേരള സദസിന്റെ വിശദമായ വിലയിരുത്തല്‍ യോഗങ്ങളിലുണ്ടാകും. സദസ് സർക്കാർ പരിപാടിയായിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ മുന്നൊരുക്കമായാണ് അവതരിപ്പിക്കപ്പെട്ടത്.

നവകേരള സദസ് വിജയമായാണ് പാര്‍ട്ടി വിലയിരുത്തിയത്. എൽഡിഎഫ് സംഘടനാസംവിധാനത്തെ ബൂത്തുതലംവരെ ഏകോപിപ്പിച്ച് പ്രവർത്തിക്കാന്‍ കഴിഞ്ഞു. ഓരോ ജില്ലകളിലും നടത്തിയ പ്രവർത്തനങ്ങളും സദസിനുശേഷം ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന തുടർപ്രവർത്തനങ്ങളും നേതൃയോഗത്തിൽ റിപ്പോർട്ടുചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടുചേർക്കൽ കാര്യക്ഷമമാക്കണമെന്ന് മുന്‍പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ വിലയിരുത്തല്‍ യോഗത്തില്‍ നടത്തും. കേന്ദ്രവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. പെൻഷൻ കുടിശ്ശിക, കാർഷിക വിളകളുടെ സംഭരണപ്രശ്നം, റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്കെല്ലാം കാരണം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധമാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രചരണം നടത്തും. തുടര്‍ പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും നേതൃയോഗങ്ങളിലുണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top