നിസഹകരണം തുടര്‍ന്ന് ഇപി; സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തില്ല; ആത്മകഥ ഇനി മറ്റൊരു ബോംബാകുമോ
ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി.ജയരാജന്‍ പങ്കെടുത്തില്ല. ആഭ്യന്തരവകുപ്പിനെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമുള്ള നിര്‍ണായകമായ യോഗമായിരുന്നു ഇത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് ജയരാജന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയ പാര്‍ട്ടി തീരുമാനത്തിലുള്ള പ്രതിഷേധം ഇപി തുടരുന്നു എന്ന് തന്നെയാണ് വിട്ടുനില്‍ക്കല്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയ തീരുമാനം വന്നത്. അതിന് ശേഷം നടന്ന സംസ്ഥാനസമിതിയോഗവും ഇപി ബഹിഷ്ക്കരിച്ചിരുന്നു. ആത്മകഥയില്‍ എല്ലാം തുറന്ന് എഴുതും എന്നാണ് ഇപി പ്രഖ്യാപിച്ചിരിക്കുന്നത്. അത് സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന മറ്റൊരു ബോംബായി മാറുമോ എന്ന ആശങ്കയും പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കുണ്ട്.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആത്മകഥയിലുണ്ടാകുമെന്ന് ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി അനുകൂല പ്രസ്താവനകള്‍ ഇറക്കിയതുമാണ് ഇപിയുടെ കണ്‍വീനര്‍ സ്ഥാനം തെറിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരു സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തി എന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുകയും ആ നേതാവ് ഇ.പി.ജയരാജന്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് വിവാദം കത്തിയത്.
ജാവഡേക്കറെ കണ്ട കാര്യം വോട്ടെടുപ്പ് ദിവസം ഇപി സ്ഥിരീകരിച്ചത് സിപിഎമ്മിന് വന്‍തിരിച്ചടിയായി മാറിയിരുന്നു. ഇപി ജാഗ്രത കാണിച്ചില്ലെന്ന് വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തിയിരുന്നു. ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും’ എന്ന ചൊല്ല് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇപിയുടെ വെളിപ്പെടുത്തലുമായി ബന്ധമുണ്ടെന്ന വിലയിരുത്തല്‍ സിപിഎമ്മിലും വന്നതോടെയാണ് ഇപിക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ നടപടി വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here