ജയില്‍വാസം മുതലുള്ള പ്രവര്‍ത്തന ചരിത്രം എണ്ണിപ്പറഞ്ഞ് കടകംപള്ളി; സിപിഎം സെക്രട്ടറിയേറ്റില്‍ എടുക്കാത്തതില്‍ വിഷമമില്ല; പാര്‍ട്ടിയാണ് എല്ലാം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതില്‍ അസ്വസ്ഥന്‍ എന്ന പ്രചരണം തള്ളി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായി കടകംപള്ളി സുരേന്ദ്രന്‍. സെക്രട്ടറിയേറ്റില്‍ എടുക്കാത്തില്‍ വിഷമമില്ല. സ്ഥാനങ്ങള്‍ പ്രതീക്ഷിച്ചല്ല രാഷ്ട്രീയത്തില്‍ എത്തിയത്. പാര്‍ട്ടി എംഎല്‍എയും മന്ത്രിയുമാക്കി. ഒരു സാധാരണ ഫാക്ടറി തൊഴിലാളിയുടെ മകനായ എനിക്ക് പാര്‍ട്ടിയാണ് വലുതെന്നും കടകംപള്ളി പറഞ്ഞു.

48 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് കടകംപള്ളി മാധ്യമങ്ങളോട് സംസാരിച്ചത്. അടിയന്താരാവസ്ഥ കാലത്ത് 4 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ലഭിച്ച ജോലി പോലും വേണ്ടെന്ന് വച്ചാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. 1975 മുതല്‍ തലസ്ഥാന ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പ്രവര്‍ത്തനത്തിലും നേതൃത്വം വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ട് തവണ നിയമസഭയിലേക്ക് വിജയിച്ചു. രണ്ട് തവണ തോറ്റു. ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരെ ഐതിഹാസികമായ സെക്രട്ടറിയേറ്റ് വളയല്‍ സമരം നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും മറക്കരുത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വവും നല്ല രീതിയില്‍ നടത്തിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്താത്തതില്‍ തനിക്കില്ലാത്ത വേദനയും ഉത്കണ്ഠയും മാധ്യമങ്ങള്‍ക്ക് വേണ്ട. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. ആഗ്രഹിക്കുന്നുമില്ല. കടകംപള്ളിയെ കരുവാക്കി സിപിഎമ്മിനെ ആക്രമിക്കേണ്ട. ജൂനിയറായവര്‍ കമ്മറ്റികളിലേക്ക് വരേണ്ടത് ആവശ്യമാണ്. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിയാന്‍ പോലും തയാറായിരുന്നു. പുതുതലമുറ വന്നാലെ പാര്‍ട്ടി നിലനില്‍ക്കുകയുള്ളൂ. ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചിത്രത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ വിഷമമില്ലെന്ന് പറയുമ്പോഴും പ്രവര്‍ത്തന ചരിത്രം വിശദമാക്കിയുള്ള കടകംപളളിയുടെ പ്രതികരണം കൃത്യമായ സന്ദേശം തന്നെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top