ഇപി പുറത്തേക്ക്; ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖം നഷ്ടപ്പെടുമെന്ന് സിപിഎമ്മിന് ആശങ്ക; സ്ഥിരം ന്യായീകരണങ്ങൾ ജനം വിശ്വസിക്കില്ലെന്ന പേടിയും അലട്ടുന്നു

തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ നടപടി ഉണ്ടായേക്കാം. കേരളത്തിന്‍റെചുമതലയുള്ള ബിജെപിയുടെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായുള്ള ഇപിയുടെ കൂടിക്കാഴ്ചയും ചങ്ങാത്തവും പാർട്ടിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദേശീയ തലത്തിൽ തന്നെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎം നേതൃത്വം. ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബിജെപി എന്ന് പ്രചാരണം നടത്തിയവരിൽ എക്കാലത്തും മുമ്പനായിയിരുന്നു ഇപി. അത്തരമൊരാൾ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്നും 90% ചർച്ചകൾ പൂർത്തിയായിരുന്നു എന്നുമുള്ള ശോഭാ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലിന് മുന്നിൽ അടിപതറി നിൽക്കുകയാണ് മുഖ്യമന്ത്രി പിണറായിയും കൂട്ടരും. സംസ്ഥാന കോൺഗ്രസിലെ താഴെത്തട്ടിലുള്ള നേതാക്കൾ ബിജെപിയിൽ ചേർന്നതിനെ ആഘോഷമാക്കിയവരുടെ തനിനിറം പുറത്തായെന്നാണ് പ്രതിപക്ഷത്തിന്‍റെ രൂക്ഷമായ പ്രചാരണം. ഈ ഘട്ടത്തിൽ ഇപിക്കെതിരെ നടപടി സ്വീകരിക്കാതെ സിപിഎമ്മിന് മുന്നോട്ട് പോകാനാവില്ല.

പൗരത്വ ഭേദഗതി നിയമം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒന്നര മാസക്കാലം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. 22 % വരുന്ന മുസ്ലീം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമെന്ന സിംഗിൾ അജണ്ടയിലായിരുന്നു ഫോക്കസ്. ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെ ശക്തമായ നിലപാടുള്ളവർ തങ്ങൾ മാത്രമെന്ന് എക്കാലത്തും അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായെന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ തോന്നലുണ്ടായെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. ജാവഡേക്കറെപോലുള്ള ഒരു നേതാവ് ഇപിയെ സന്ദർശിച്ചതിനെ സിപിഎമ്മിനോട് അടുപ്പമുള്ള മുസ്ലീം സമുദായ നേതാക്കൾ പോലും നിഷ്കളങ്കമായി കാണുന്നില്ല. ദീർഘകാലമായി സിപിഎമ്മിന്‍റെ കേന്ദ്രക്കമ്മറ്റി അംഗവും കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇപി, മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബിജെപിയുമായി ചർച്ച നടത്തില്ലായെന്ന് പ്രതിപക്ഷം ഉയർത്തുന്ന വാദം ന്യൂനപക്ഷങ്ങൾക്കിടയിൽ ചലനം ഉണ്ടാക്കിയേക്കാമെന്ന തിരിച്ചറിവും പാർട്ടിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഇതുണ്ടാക്കാവുന്ന വിശ്വാസത്തകർച്ച സൃഷ്ടിക്കുന്ന ദൂരവ്യാപക ഫലത്തെക്കുറിച്ച് പാർട്ടി നേതൃത്വം ആശങ്കയിലാണ്. ബംഗാളിലെ മുസ്ലീങ്ങൾ കൈവിട്ടതോടെയാണ് സിപിഎമ്മിന്‍റെ തകർച്ച സമ്പൂർണമായത്. അതേ ഗതി ഇവിടെ സംഭവിക്കാതിരിക്കാൻ തൊലിപ്പുറത്തെ ചികിത്സ മാത്രം പോരെന്നും പിണറായിക്കറിയാം. സിപിഎമ്മിനെ പിന്തുണച്ചിരുന്ന മുസ്ലീം സമുദായ നേതാക്കൾ എല്ലാം തന്നെ കടുത്ത അമർഷത്തിലാണ്. ഇപിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ തുറന്നടിക്കുമെന്ന ഭയവും ദേശീയ നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.

മുഖമന്ത്രിയെ ദീർഘകാലമായി പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന ലാവ്ലിൻ അടക്കമുള്ള കേസുകളിൽ ഒത്തുതീർപ്പ് ഉണ്ടാക്കാനാണ് ജാവഡേക്കറെ ഇടത് കൺവീനർ സന്ദർശിച്ചതെന്ന ദല്ലാൾ നന്ദകുമാറിന്‍റെ വെളിപ്പെടുത്തലിനെ ഒറ്റയടിക്ക് തള്ളിക്കളയാനാവില്ല എന്നത് സിപി എം നേതൃത്വത്തെ കുഴപ്പിക്കുന്ന വിഷയമാണ്. ബിജെപി നേതൃത്വത്തിന്‍റെ സഹായത്തോടെയാണ് സ്വർണ്ണക്കടത്ത്, മാസപ്പടി, കരുവന്നൂർ, ലൈഫ് മിഷൻ തുടങ്ങിയ അഴിമതിക്കേസുകളുടെ അമ്പേഷണം മരവിപ്പിച്ചതെന്ന കോൺഗ്രസിന്‍റെ വാദത്തിന് ബലംപകരുന്നതാണ് ജയരാജന്‍റെ നീക്കങ്ങൾ. ഈ സ്ഥിതിയെത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ പാർട്ടിക്കുള്ളിലും അസ്വസ്ഥതകൾ ഉരുണ്ടുകൂടുമെന്ന ഭയവും പാർട്ടി നേതൃത്വത്തിനുണ്ട്. നടപടി എടുക്കാതെ സിപിഎമ്മിന് ഒരിഞ്ചുപോലും മുന്നോട്ട് പോകാനാവില്ല. ന്യൂനപക്ഷങ്ങളെ അല്പമെങ്കിലും തൃപ്തിപ്പെടുത്തണമെങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ പുറത്താക്കിയേ പറ്റൂ എന്നും നേതൃത്വത്തിനറിയാം. സിപിഎം രൂപീകരിച്ചതിന്‍റെ അറുപതാം വാർഷികം ആഘോഷിക്കാൻ ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് തീരാകളങ്കമായി ദേശീയ നേതാവിന്റെ ബിജെപി പ്രവേശന നീക്കം. പാർട്ടി ചിഹ്നം നിലനിർത്താനുള്ള തത്രപ്പാടിനിടയിൽ ഇടിത്തീ പോലെ വന്നുഭവിച്ച വിവാദം സിപിഎമ്മിന്‍റെ അടിത്തറ പോലും ഇളക്കിയേക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top