പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് എംവി ഗോവിന്ദൻ; നിങ്ങളുടെ ആവശ്യം നിറവേറിയല്ലോയെന്ന് മാധ്യമ പ്രവർത്തകരോട് അരവിന്ദാക്ഷൻ

കണ്ണൂര്‍: ചോദ്യം ചെയ്യലിനിടയിൽ മര്‍ദനം പുറത്ത് പറഞ്ഞതിന് പിആര്‍ അരവിന്ദാക്ഷനെ ഇഡി വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമാണോ എന്ന ചോദ്യത്തിന് എന്താണ് സംശയം എന്നും അദ്ദേഹം ഇഡിയുടെ അറസ്റ്റിൽ പ്രതികരണം രേഖപ്പെടുത്തി.

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ചു നടത്തുന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അറസ്റ്റ്. അതിന് വഴങ്ങാൻ പാർട്ടിക്ക് മനസില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മർദനത്തിനും ഭീഷണിക്കുമെതിരെ പോലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് കേന്ദ്ര ഏജൻസി തീർക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

അതേ സമയം, തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പിആര്‍ അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ കള്ളനും കൊലപാതകിയും ഒന്നുമല്ലെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

‘നിങ്ങളുടെ ആവശ്യം നിറവേറിയല്ലോ. കള്ളക്കേസില്‍ കുടുക്കിയല്ലോ. ഞാന്‍ കള്ളനും കൊലപാതകിയും ഒന്നുമല്ല. എന്നെ ഇവര്‍ കള്ളക്കേസില്‍ കുടുക്കുകയാണ്. എന്നെ അടിച്ചതിന് പരാതികൊടുത്തതിന് ഭാഗമായിട്ടാണ് അറസ്റ്റ്’-എന്നായിരുന്നു കസ്റ്റഡിയിലെടുത്ത് ഇഡി ഓഫീസിലെത്തിച്ചപ്പോള്‍ അരവിന്ദാക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

അതേ സമയം, മുമ്പ് ചോദ്യം ചെയ്യലിനിടയിൽ ഇഡി ഉദ്യോഗസ്ഥർ മർദിച്ചിരുന്നുവെന്ന് അരവിന്ദാക്ഷൻ പോലീസിൽ പരാതി നൽകിയിരുന്നു. കേസിൽ മൊഴിയായി സിപിഎം നേതാക്കളുടെ പേര് നൽകണം എന്നാവശ്യപ്പെട്ടാണ് മർദിച്ചതെന്നും ആരോപിച്ച് അരവിന്ദാക്ഷൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് ഇഡി അതിനെ തള്ളിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top