സുപ്രഭാതത്തില്‍ മുസ്ലിം സ്നേഹം; ദീപികയില്‍ ക്രിസ്ത്യന്‍ സ്നേഹം; ന്യൂനപക്ഷപ്രേമം വാരിവിതറി സിപിഎമ്മിൻ്റെ വ്യത്യസ്ത പരസ്യങ്ങള്‍; വര്‍ഗീയതക്കെതിരെ ഉള്ള വിപ്ലവപോരാട്ടം ഇങ്ങനെ

തിരുവനന്തപുരം: വോട്ടെടുപ്പിന് 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെ വ്യത്യസ്ത മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മലയാള പത്രങ്ങളിൽ വ്യത്യസ്ത കാർഡിറക്കിയുള്ള ഇടതുമുന്നണിയുടെ പരസ്യങ്ങൾ ചർച്ചയാകുന്നു. സുപ്രഭാതം, ദീപിക പത്രങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിച്ച ഫുള്‍ പേജ് പരസ്യങ്ങളിലൂടെയാണ് ജാതി-മത താത്പര്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയില്‍ മണിപ്പൂര്‍ കലാപമാണ് വിഷയമാക്കിയിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്രമായ സുപ്രഭാതത്തിലെ പരസ്യത്തിന് വിഷയം പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഡൽഹി കലാപങ്ങളാണ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ടാഗ് ലൈന്‍ ഇടതുമുന്നണിക്കായി അവതരിപ്പിച്ച മൈത്രി പരസ്യ ഏജന്‍സിയാണ് ഇന്നത്തെ പരസ്യങ്ങൾ തയ്യാറാക്കിയത്. മണിപ്പൂർ കലാപം ആസ്പദമാക്കി കത്തുന്ന കുരിശിൻ്റെ ചിത്രവും ‘ഓര്‍മപ്പെടുത്തലാണ് മണിപൂര്‍… ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന ഓർമ്മപ്പെടുത്തൽ’ എന്ന ക്യാപ്ഷനുമാണ് ദീപികയുടെ ഒന്നാംപേജിൽ ഉള്ളത്.

തട്ടമിട്ട പെണ്‍കുട്ടിയുടെ ചിത്രവും പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ചിത്രവുമാണ് സുപ്രഭാതം ഒന്നാംപേജിൽ. ‘ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍… ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം’ എന്ന വാചകവും ഒപ്പമുണ്ട്. യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ ലക്ഷ്യമിട്ടുള്ളതാണ് ഈ പരസ്യങ്ങള്‍ എന്ന് വ്യക്തം.

ന്യൂനപക്ഷ വോട്ടുകളെ സ്വന്തം പെട്ടിയിലാക്കാൻ മുന്നണികൾ നടത്തുന്ന കൈവിട്ട കളിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒറ്റ ദിവസം പ്രസിദ്ധീകരിച്ച ഈ രണ്ട് തരം പരസ്യങ്ങൾ. വര്‍ഗീയതക്കും ഫാസിസത്തിനും എതിരെ പോരാടാന്‍ സിപിഎം മാത്രമേയുള്ളൂ എന്ന് പറയാനാണ്, ചേരിതിരിവ് ഉണ്ടാക്കുംവിധമുള്ള ഈ പരസ്യങ്ങൾ എന്നതാണ് വിരോധാഭാസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top