കരുവന്നൂര്‍ തകര്‍ന്നപ്പോള്‍ ഒപ്പം തകര്‍ന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശ്വാസ്യത; പാര്‍ട്ടി നിലം തൊടില്ലെന്ന് അണികളും; കരുവന്നൂര്‍ നിക്ഷേപസമാഹരണത്തിന് സിപിഎം നേതാക്കള്‍ നേരിട്ട് രംഗത്ത്

തൃശൂര്‍: നിക്ഷേപതട്ടിപ്പ് നടത്തി സിപിഎം നേതാക്കള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തകര്‍ത്തപ്പോള്‍ ഒരുമിച്ച് തകര്‍ന്നത് സിപിഎമ്മിന്റെയും സഹകരണ മേഖലയുടേയും വിശ്വാസ്യതയാണ്. കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ നിക്ഷേപ സമാഹരണമെന്ന ബദല്‍ തന്ത്രവുമായി സിപിഎം നേതൃത്വം നേരിട്ട് രംഗത്തെത്തുകയാണ്. തകര്‍ന്ന രാഷ്ട്രീയ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയുമോ എന്നുറപ്പില്ലെങ്കിലും നിക്ഷേപകര്‍ക്ക് എങ്ങനെയെങ്കിലും പണം തിരികെ നല്‍കാനാണ് നിക്ഷേപ സമാഹരണം വഴി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

കരുവന്നൂര്‍ പ്രശ്നത്തില്‍ ലഭിക്കാന്‍ പോകുന്ന രാഷ്ട്രീയ തിരിച്ചടി മുന്നില്‍ക്കണ്ടാണ് പുതിയ നീക്കം. പണം നഷ്ടപ്പെട്ട നിക്ഷേപകരെ നേരിട്ട് കണ്ട് പണം മടക്കി നൽകുമെന്ന് പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ ഉറപ്പുനൽകും. 50 ശതമാനം തുക നിക്ഷേപകർക്ക് അടിയന്തരമായി വിതരണം ചെയ്യാനും ആലോചനയുണ്ട്. ഇതിനായുള്ള പണം കണ്ടെത്താന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്തിറങ്ങും. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാങ്ക് തകര്‍ന്നപ്പോള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ ഒരു പാര്‍ട്ടി രംഗത്ത് വരുന്നത്.

കരുവന്നൂര്‍ ബാങ്കുമായി സിപിഎം നേതൃത്വത്തിനുള്ള ബന്ധമാണ് തീരുമാനത്തിലൂടെ പുറത്ത് വരുന്നത്. കരുവന്നൂര്‍ ധനസമാഹരണ തീരുമാനത്തെക്കുറിച്ച് സിപിഎമ്മിലും ആശങ്കകളുണ്ട്. പാര്‍ട്ടിയെ വിശ്വസിച്ചാണ് കരുവന്നൂരില്‍ നിക്ഷേപങ്ങള്‍ നടത്തിയത്. ആ കോടികള്‍ നേതാക്കള്‍ തന്നെ മുക്കി. ഇങ്ങനെ വിശ്വാസ്യത തകര്‍ന്ന് നില്‍ക്കെ നേതാക്കള്‍ക്ക് വീണ്ടും പണം നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകുമോ എന്ന ആശങ്ക പുതിയ നീക്കത്തിലും പാര്‍ട്ടിയെ അലട്ടുന്നുണ്ട്.

350 കോടിയുടെ കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പിന്റെ വിവരങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് പുറത്ത് വന്നെങ്കിലും സിപിഎം അനങ്ങിയില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വരുകയും നേതാക്കള്‍ അടക്കമുള്ള ആസൂത്രകര്‍ ജയിലഴിയിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് മുന്നിലെ പ്രതിസന്ധിയുടെ ആഴം പാര്‍ട്ടി തിരിച്ചറിയുന്നത്. ജനവികാരം ശക്തമായ അവസ്ഥയിലും തട്ടിപ്പുകാരില്‍ നിന്നും പണം തിരികെ പിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് പറയാന്‍ പാര്‍ട്ടിയ്ക്ക് ഇപ്പോഴും കഴിയുന്നുമില്ല. ഈ ഘട്ടത്തിലാണ് ബദല്‍ തന്ത്രമെന്ന നിലയില്‍ ഫണ്ട് സമാഹരണം നടത്തി കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.

ജനവികാരവും പാര്‍ട്ടി വികാരവും തൃശൂരില്‍ സിപിഎമ്മിന് എതിരാണ്. കരുവന്നൂര്‍ ബാങ്ക് നിക്ഷേപം തിരികെ നല്‍കാതെ ജനങ്ങളെ സമീപിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അണികള്‍ നേതാക്കളെ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസുമാണ് ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് മുന്നിലുള്ളത്. പാര്‍ട്ടി മെഷീനറി സജീവമാകണമെങ്കില്‍ കരുവന്നൂര്‍ പണം തിരികെ നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് നേതാക്കളും അണികളും നേരിട്ടിറങ്ങി നിക്ഷേപം സമാഹരിച്ച് കരുവന്നൂര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്.

കരുവന്നൂര്‍ നിക്ഷേപം തിരികെ നല്‍കാന്‍ പല വഴികളാണ് ആലോചിക്കുന്നത്. റവന്യു റിക്കവറി നടപടികൾ വേഗത്തിലാക്കുക, അതോടൊപ്പം നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ ബാങ്കിലേക്ക് തിരിച്ചുവിടുക. കേരള ബാങ്കില്‍ നിന്നും സഹായം സ്വീകരിക്കുക. അന്‍പത് കോടി രൂപ കേരള ബാങ്കില്‍ നിന്നും കരുവന്നൂരിനു നല്‍കാനുള്ള നീക്കവും നടത്തുന്നുണ്ട്. കേരള ബാങ്ക് വൈസ് പ്രസിഡനറും കരുവന്നൂര്‍ പ്രശ്നത്തില്‍ ഇഡിയുടെ തുടര്‍ ചോദ്യം ചെയ്യലിന് വിധേയനാകുകയും ചെയ്യുന്ന എം.കെ.കണ്ണന്‍ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തൃശൂര്‍ രാമനിലയത്തില്‍ വെച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ശനിയാഴ്ച കേരള ബാങ്ക് ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top