സിപിഎമ്മുമായി ഒരു ചർച്ചക്കുമില്ലെന്ന് മുസ്ലിം സംഘടനകൾ; അനുനയ നീക്കങ്ങളെല്ലാം പാളി; ‘പോലീസ് നയംമാറ്റത്തിൽ’ വിശദീകരണം വേണ്ടിവരും

പിവി അൻവർ എംഎൽഎ ഉയർത്തിവിട്ട വിവാദങ്ങൾക്ക് പിന്നാലെ വിവിധ മുസ്ലിം മതസംഘടനകളോട് അനുനയ ചർച്ച നടത്താനുള്ള സിപിഎം ഇടപെടലുകളെല്ലാം പാളി. പാർട്ടിയുടെ കണ്ണൂർ, കോഴിക്കോട് നേതൃത്വങ്ങൾ മുഖാന്തിരം മുസ്ലിം സംഘടനകളെ അനുനയിപ്പിക്കാൻ നടത്തിയ ഇടപെടലുകളോട് പ്രമുഖ സംഘടനകളെല്ലാം മുഖം തിരിച്ചു. സിപിഎമ്മിനോട് അനുഭാവം കാണിക്കാൻ ശ്രമം നടത്തിയ ലീഗനുകൂല ഇകെ സമസ്തയിലെ ഇടത് അനുഭാവികളായ മുക്കം ഉമർ ഫൈസിയടക്കമുള്ളവർ സംഘടനയിൽ ഒറ്റപ്പെട്ടു. മാത്രമല്ല, ചുരുങ്ങിയത് മാസത്തിൽ ഒന്നെങ്കിലും ലീഗ് വിരുദ്ധാഭിപ്രായം നടത്തുന്ന ഇടതനുകൂലികളായ ഇകെ സമസ്തക്കാരെ പ്രതികരണത്തിന് പോലും മാധ്യമങ്ങൾക്ക് ലഭിക്കാതെയുമായി.

അൻവറിനെതിരെ നിലപാടെടുക്കുന്നുവെന്ന് തോന്നിപ്പിച്ച് കടുത്ത യുഡിഎഫ് വിമർശനവുമായി രംഗത്തു വന്ന ജലീലിനെതിരായ നിലപാട് കാന്തപുരം സമസ്തയും ശക്തമാക്കി. അദ്ദേഹത്തിൻ്റെ സമീപകാല പ്രസ്താവനകളെ മുൻനിർത്തി തന്നെയാകും ഇതെന്ന് വ്യക്തമാകുമ്പോൾ രാഷ്ട്രീയ ലൈൻ തെളിയും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ ഇടതു തരംഗത്തിനിടയിലും തവനൂർ മണ്ഡലത്തിൽ നിന്ന് കഷ്ടിച്ചാണ് ജലീൽ കടന്നു കൂടിയത്. കാന്തപുരം വിഭാഗത്തിന് സ്വീകാര്യത നഷ്ടപ്പെട്ടതാണ് ജലീലിൻ്റ ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്തിലൊന്നായി ചുരുങ്ങാൻ കാരണമെന്ന പൊതു വിലയിരുത്തലാണ് അന്നുണ്ടായത്. പുതിയ സംഭവ വികാസങ്ങൾ ജലീലിനെ കൂടുതൽ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്.

സിപിഎമ്മിനൊപ്പം ഒരു മുസ്ലിം സംഘടനകളും ഇല്ലാത്ത സ്ഥിതി അഞ്ചു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വന്നു ചേർന്നത്. 1989ന് ശേഷം ഇത്തരമൊരു സാഹചര്യം സിപിഎം കേരളത്തിൽ നാളിതുവരെ നേരിട്ടിട്ടില്ല. അതുകൊണ്ട് തന്നെ പ്രവചനാതീതമായ നിലയിൽ, ചുരുങ്ങിയത് മലബാർ മേഖലയിലെങ്കിലും സിപിഎമ്മിന് മാരക തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് കാന്തപുരം വിഭാഗത്തെയും വിമത ഇകെ സമസ്ത വിഭാഗത്തെയും ഒപ്പം നിർത്താനുള്ള ശ്രമവുമായി കണ്ണൂർ, കോഴിക്കോട് സി പി എം ജില്ലാ നേതൃത്വങ്ങൾ രംഗത്തിറങ്ങിയത്. എന്നാൽ ചർച്ചകൾക്ക് പോലും മുസ്ലിം സമുദായ നേതൃത്വങ്ങൾ വിമുഖത കാട്ടി.

പിണറായി ഭരണത്തിൽ പോലീസിൽ ആർഎസ്എസ് വൽക്കരണമാണെന്ന് കുറ്റപ്പെടുത്തി മുഖപ്രസംഗമടക്കം അഞ്ച് ലേഖനങ്ങളാണ് കാന്തപുരം സുന്നി സ്റ്റുഡൻ്റ് ഫെഡറേഷൻ്റെ മുഖപത്രം കഴിഞ്ഞ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ വിവാദമായ മലപ്പുറം വിരുദ്ധ പരാമർശത്തിനും, പിന്നാലെ പുറത്തുവന്ന ‘ദ ഹിന്ദു’ അഭിമുഖത്തിനും മുമ്പ് തന്നെ മുസ്ലിം സംഘടനകളിൽ സിപിഎമ്മിനോട് എതിർപ്പ് രൂപപ്പെട്ട് തുടങ്ങിയിരുന്നെങ്കിലും പിവി അൻവർ രംഗത്ത് എത്തിയതോടെയാണ് അത് കടുത്ത പിണറായി വിരുദ്ധതയായി ഈ സംഘടനകളിൽ ശക്തമായത്. സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളോട് നിസഹകരിക്കണമെന്ന പരസ്യ നിലപാടിലേക്ക് മുജാഹിദ് സംഘടനകളും 2019 വരെ സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയും എത്തിയിരിക്കുകയാണ്.

അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തിൻ്റെ ജനസംഖ്യാ ഘടനയിൽ വന്ന മാറ്റം യുഡിഎഫ് അത്രയോന്നും പഠിച്ചിട്ടില്ലെങ്കിലും സിപിഎം അതേപ്പറ്റി കൃത്യമായ ധാരണയുള്ളവരാണ്. രാഹുൽ ഗാന്ധിയുടെ കടന്നുവരവോടെ, പ്രത്യേകിച്ച് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ കോൺഗ്രസിനോട് രാജ്യത്തെ മുസ്ലിം വിഭാഗം പുലർത്തുന്ന ആഭിമുഖ്യം വ്യക്തമാണ്. കേരളത്തിൽ വരാൻ പോകുന്ന വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ പാർട്ടി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിൻ്റെ അനുരണനങ്ങൾ ഉപതിരഞ്ഞെടുപ്പുകളിലും പിന്നാലെ വരുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നതിനിടെയാണ് പിണറായി, പാർട്ടിക്ക് മുന്നിൽ ആർഎസ്എസ് ബന്ധമെന്ന ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top