ഗണേഷിനെതിരെ CPM പണി തുടങ്ങി; KSWCFC ചെയർമാൻ സ്ഥാനം തിരിച്ചെടുത്തു

തിരുവനന്തപുരം: ഗണേഷ്‌കുമാറിന്റെ കേരളാ കോൺഗ്രസിനെതിരെ ഇടതുമുന്നണി നീക്കം തുടങ്ങി. പാർട്ടി കൈവശം വച്ചിരുന്ന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം തിരിച്ചെടുക്കാൻ എൽ ഡി എഫ് തീരുമാനിച്ചു . കൂടിയാലോചനയില്ലാതെയാണ് ഈ തീരുമാനമെന്നതാണ് ശ്രദ്ദേയം. ചെയർമാനായി അഡ്വ. എം രാജഗോപാലൻ നായരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
ഗണേഷ്‌കുമാറും സിപിമ്മും തമ്മിലുള്ള ഉലച്ചിലിൽ സിപിമ്മിന്റെ ആദ്യ പ്രത്യക്ഷ പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പൊതുമരാമത്ത് വകുപ്പിനെയടക്കം സർക്കാർ സംവിധാനങ്ങളെ പരസ്യമായി ഗണേഷ്‌കുമാർ പലതവണ വിമർശിച്ചിരുന്നു. പത്തനാപുരത്തെ റോഡ് നിർമ്മാണങ്ങൾക്ക് വേണ്ട പരിഗണന നൽകണം. നിയമസഭയിലെ സീനിയർ എം.എൽ.എ എന്നത് കണക്കിലെടുക്കണമെന്നും പലതവണ ഗണേഷ്‌കുമാർ ആവശ്യമുന്നയിച്ചിരുന്നു. ഇങ്ങനെയെല്ലാം മുന്നോട് പോകുന്നതിനിടെയാണ് മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ പദവി കേരളാ കോൺഗ്രസ് ബി യിൽ നിന്ന് സിപിഎം തിരിച്ചെടുക്കുന്നത്. നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.ജി.പ്രേംജിത്താണ് ചെയർമാൻ. 2017 ൽ ആർ ബാലകൃഷ്ണപിള്ളയെ ചെയർമാനാക്കി കൊണ്ടാണ് ഇടതു മുന്നണി സർക്കാർ മുന്നാക്ക ക്ഷേമ കമ്മിഷൻ രൂപീകരിച്ചത്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ രണ്ടര വർഷ കാലാവധിക്ക് ശേഷം കെ ബി ഗണേഷ്‌കുമാർ മന്ത്രിയാകുമെന്നായിരുന്നു എൽഡിഎഫിലെ ധാരണ. എന്നാൽ ഇടതുമുന്നണിയുമായുള്ള ഗണേഷ്‌കുമാറിന്റെ ബന്ധം സുഖകരമല്ലാതെ പോകുന്ന സാഹചര്യത്തിൽ, ഈ ധാരണ നടപ്പിലാകുമോയെന്ന സംശയം നിലനിൽക്കെയാണ് പുതിയ നീക്കങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here