ആലപ്പുഴക്ക് പിന്നാലെ ഇടുക്കിയിലും എക്സൈസിന് പണിവരുന്നു… ഡ്രൈ ഡേയിൽ മദ്യം വിൽക്കാനിറങ്ങി സിപിഎം ബ്രാഞ്ച് സെക്രട്ടറി!!

ഡ്രൈ ഡേ മുതലാക്കാന്‍ അനധികൃതമായി മദ്യവില്‍പ്പനക്ക് ഇറങ്ങിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. അടിമാലി ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍ കുര്യാക്കോസിനെയാണ് എക്സൈസ് പൊക്കിയത്. ഇയാളുടെ കൈയില്‍ നിന്നും ഒമ്പത് ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചാണ് മദ്യ കച്ചവടം നടത്തിയിരുന്നത്. ഈ ഓട്ടോറിക്ഷ അടക്കമാണ് എക്സൈസ് പിടികൂടിയത്.

എക്സൈസ് നടപടിയില്‍ കയ്യടി വരുന്നുണ്ടെങ്കിലും ആലപ്പുഴയിലെ അനുഭവം ഉണ്ടാകുമോ എന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. കായംകുളം എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ പിടിച്ചതിലെ വിവാദം അവസാനിച്ചിട്ടില്ല. യു പ്രതിഭയുടെ മകന്‍ കനിവിനെ പിടികൂടിയ ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ് ഏറ്റവുമൊടുവിൽ പുറത്തു വരുന്നത്. നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്യാതെ, എംഎല്‍എയുടെ മകനെ കഞ്ചാവുമായി പിടിച്ചുവെന്ന് വാര്‍ത്ത നല്‍കാന്‍ കാണിച്ച വ്യഗ്രതയാണ് തിരിച്ചടിയായത്.

എംഎല്‍എയുടെ മകനൊപ്പം നിന്നതു പോലെ ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം പാര്‍ട്ടി നില്‍ക്കുന്നില്ല. അച്ചടക്ക നടപടി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റതിന്റെ പേരില്‍ പ്രവീണ്‍ കുര്യാക്കോസിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം ജാഗ്രത കാണിച്ചിട്ടുണ്ട്. മദ്യം പിടികൂടിയത് അളവിൽ കുറവാണെങ്കിലും കേസ് പാർട്ടിക്ക് ഉണ്ടാക്കുന്ന ഡാമേജ് ഒട്ടും ചെറുതാകില്ല; പ്രത്യേകിച്ച് ലഹരിവ്യാപനം സജീവ ചർച്ചയായി നിൽക്കുന്ന സാഹചര്യത്തിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top