ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്; ദുരിതാശ്വാസ ഫണ്ടില്‍ കയ്യിട്ട് വാരില്ലെന്ന് ഉറപ്പ് വേണം; വിമര്‍ശനം തുടർന്ന് കെ സുധാകരന്‍
ദുരന്തമുഖത്ത് രാഷ്ട്രീയം പറയാത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമൂല്യം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിന്റെ വീഴ്ചകള്‍ ഓരോ ദിവസവും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുകയാണ്. ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന ദുരന്തത്തില്‍ സിപിഎം ഈ സമീപനമല്ല സ്വീകരിച്ചത്. ഏറ്റവും മ്ലേച്ഛമായ നുണ പ്രചാരണങ്ങളാണ് നടന്നത്. അയല്‍ സംസ്ഥാനത്തെ വെറുപ്പിന്റെ നാറുന്ന സിപിഎം രാഷ്ട്രീയം കൊണ്ട് ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളില്‍ കൃത്യമായ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങള്‍ മാത്രം പരത്തി ജീവിക്കുന്ന കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള സഖാക്കളോ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇനിയും കയ്യിട്ട് വരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് കൊടുക്കണമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ദുരന്തമുഖത്തും കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണം. വയനാട്ടിലേക്ക് ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കി ഒവിവാക്കിയത് ശരിയായ നടപടിയല്ല. ദുരന്തത്തിലും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും പിണറായി വിജയനും ചിന്തിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here