തിരിഞ്ഞു നോക്കാതെ സിപിഎം; വയനാട്ടിലെ നേതാക്കളും പ്രചരണത്തില്‍ സജീവമല്ല; മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന സിപിഐയോടുള്ള അമര്‍ഷമെന്ന് സൂചന
വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ പ്രചരണത്തില്‍ സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയാകുന്നു. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ലെന്ന് സിപിഐയ്ക്ക് പരാതിയുണ്ട്. പേരിന് പിബി അംഗം എ വിജയരാഘവന്‍ ഒരു തവണ ഇവിടെ വന്നു പോയതില്‍ ഒതുങ്ങി സിപിഎം പങ്കാളിത്തം.
പാലക്കാടും ചേലക്കരയിലും മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മുഖ്യമന്ത്രി എത്തിയിരുന്നെങ്കിലും വയനാട് ഒഴിവാക്കി. ഇതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. തൃശൂര്‍ പൂരം അലങ്കോലമായില്ലെന്നും അതിനുള്ള ശ്രമം മാത്രമാണ് നടന്നതെന്നുമുളള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിര്‍ത്തിരുന്നു. ഇതില്‍ സിപിഎമ്മിന് പ്രതിഷേധമുണ്ട്.
ഇടക്കിടെ സിപിഐ നേതാക്കള്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ തൊടുത്തുവിടുന്ന ഒളിയമ്പുകളില്‍ ജില്ലയിലെ സിപിഎം നേതൃത്വത്തിനും അമര്‍ഷമുണ്ട്. യുവജന സംഘടനകളായ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഒട്ടും സജീവമല്ല. മണ്ഡലത്തിന് പുറത്തുള്ള സിപിഐ നേതാക്കളാണ് പ്രചരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
പ്രകൃതി ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതില്‍ വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാനം ഒന്നും ചെയ്യുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇതിനെല്ലാം മറുപടി പറയേണ്ട അവസ്ഥയിലാണ് സിപിഐ.
പ്രചരണത്തില്‍ നിന്ന് സിപിഎം വലിഞ്ഞു നില്‍ക്കുന്നതു കൊണ്ടതന്നെ പൊതുയോഗങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ത്ഥി പര്യടനം മാത്രമാണ് നടക്കുന്നത്. ജയിക്കുമെന്ന് കരുതിയിരുന്ന തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് പോലീസിനെ ഉപയോഗിച്ച് പൂരം കലക്കി നഷ്ടപ്പെടുത്തിയതിലെ അതൃപ്തി സിപിഐ പല ഘട്ടങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന അവസരങ്ങള്‍ സിപിഐ പതിവായി ഉപയോഗിക്കുന്നതിലെ എതിര്‍പ്പാണ് വയനാട്ടിലെ പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് സിപിഎം പ്രകടിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here