‘കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ കൂട്ടുനിന്നു’; ബില്‍ക്കിസ് ബാനു കേസിലെ വിധി സ്വാഗതം ചെയ്ത് സിപിഎം

ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഎം. കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ പതിനൊന്ന് പ്രതികളെ വിട്ടയച്ച നടപടിയാണ് റദ്ദാക്കിയത്. സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരെയുള്ള ഉത്തരവാണിതെന്നും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നതിന് തെളിവാണ് കോടതി വിധിയെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. പ്രതികള്‍ക്ക് കാലാവധി തീരുന്നതിന് മുന്‍പ് ശിക്ഷാ ഇളവ് നല്‍കിയതിനെ ചോദ്യം ചെയ്ത് സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ് മഹുവ മൊയ്ത്രയും ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി.

ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. 2022ല്‍ പ്രതികളെ വിട്ടയച്ച സക്കാര്‍ ഉത്തരവ് കോടതി അസാധുവാക്കി. കോടതിയെ കബളിപ്പിച്ചാണ് പ്രതികള്‍ അന്ന് അനുകൂല വിധി നേടിയത്. ശിക്ഷാ ഇളവ് അനുവദിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്കൊപ്പം പ്രവർത്തിച്ചു. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽപ്പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ കോടതിയിൽ ശിക്ഷിക്കപ്പെട്ടതിനാൽ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ തന്നെ നിയമം ലംഘിക്കുന്നത് ജനാധിപത്യത്തിന്റെ നാശത്തിന് കാരണമാകുമെന്നും സിപിഎം പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ടബലാല്‍സംഗത്തില്‍, മുംബൈയിലെ സി.ബി.ഐ കോടതിയാണ്‌ 2009ല്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വിട്ടയക്കണമെന്നും പ്രതികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് 2022ല്‍ പതിനൊന്ന് പ്രതികളെ സര്‍ക്കാര്‍ വിട്ടയച്ചത്.

ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തതായിരുന്നു കേസ്. എന്നാല്‍ കേസ് എടുക്കാന്‍ രണ്ട് വര്‍ഷം താമസിച്ചു. ഇതിനിടെ തെളിവുകള്‍ നശിപ്പിക്കുകയും ഇരയെ പലതവണ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top