സിപിഎം നേതാവിന്റെ മകനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐക്കാർ; പോലീസ് കേസെടുത്തു; പ്രതികൾ ഒളിവിൽ

തിരുവനന്തപുരം: ഓണാഘോഷങ്ങളോടനുബന്ധിച്ചു ചാക്കിൽക്കയറിയുള്ള ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച സിപിഎം വനിതാ നേതാവിന്റെ മകനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ നേതാക്കൾ. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദുവിന്റെ മകൻ ആദർശിനെയാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. കഴിഞ്ഞ 24 നാണ് സംഭവമുണ്ടായത്, ആദർശ് ഇപ്പോഴും ചികിൽസയിലാണ്, കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

ഗവ. സംസ്‌കൃത കോളേജിൽ എസ്എഫ്ഐ സംഘടിപ്പിച്ച ചാക്കിൽക്കയറി ഓട്ടമത്സരം അടക്കമുള്ളവയിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ചതായും മദ്യലഹരിയിൽ എത്തിയ സീനിയർ വിദ്യാർഥികൾ നിർത്താതെ ഓടാൻ ആവശ്യപ്പെട്ടതായുമാണ് ഒന്നാം വർഷ വിദ്യാർഥിയായ ആദർശ് പോലീസിനു നൽകിയ പരാതി. ഓടാൻ വിസമ്മതിച്ചതിനെ തുടർന്ന് മുതിർന്ന വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്ലാസ്മുറിയിൽ കയറ്റി കസേരയിലിരുത്തി പലവട്ടം മർദ്ദിച്ചു. നെഞ്ചിലും മുഖത്തും അടിച്ചതു കൂടാതെ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. തടിക്കഷണം കൊണ്ടുള്ള മർദ്ദനത്തിൽ താടിയെല്ലു പൊട്ടി ഗുരുതരമായി പരുക്കേറ്റു. അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കേസെടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു.

ഒരുതരത്തിലും കോളേജിൽ തുടർന്ന് പഠിക്കാനാകാത്ത സാഹചര്യമാണുള്ളത്. താടിയെല്ലിനു പരിക്കുള്ളതിനാൽ ഭക്ഷണം കഴിക്കാനാകുന്നില്ല. ചികിൽസ കഴിഞ്ഞാലുടൻ കോളജിലെത്തി ടി.സി വാങ്ങും. സുഹൃത്ത് വേലായുധനു നേരെയും ഭീഷണിയുണ്ട്. സമാന സാഹചര്യങ്ങൾ നേരിട്ട നിരവധി വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചുപോയി. തന്നെ മർദ്ദിച്ചത് ഏഴോളം പേരാണ്. എല്ലാവരും മദ്യലഹരിയിൽ ആയിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങി വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചവരാണിവർ. മിക്കവരും പഠനം പൂർത്തിയാക്കിയവരും പുറത്തുനിന്നുള്ളവരുമാണെന്ന് ആദർശ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top