കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് സിപിഎം വിശേഷിപ്പിക്കുന്ന ചൊക്ലി സ്വദേശി പുതുക്കുടി പുഷ്പന്‍ (54) വിടവാങ്ങി. 1994 നവംബർ 25ന് പാർട്ടിയുടെ സ്വശ്രയ കോളേജ് സമരത്തിനിടയിൽ പുഷ്പന് വെടിയേറ്റിരുന്നു. സുഷുമ്നനാഡി തകര്‍ന്ന് മുപ്പത് വർഷത്തോളമായി കിടപ്പിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിൽ വച്ചാണ് അന്ത്യം.
ആഗസ്റ്റ് രണ്ടിന് വൈകിട്ട് ആരോഗ്യനില വഷളായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.
കൂത്തുപറമ്പിലെ അർബൻ സഹകരണബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയായിരുന്ന എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കെകെ രാജീവൻ, മധു, ഷിബുലാൽ, ബാബു, റോഷൻ എന്നിവർ കൊല്ലപ്പെട്ടു. പുഷ്പൻ അടക്കം ആറോളം പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here