ശശിയാണ് ശരി; അൻവറിനെ പൂർണമായും തള്ളി സിപിഎം; അജിത് കുമാറിനെ മാറ്റേണ്ടന്നും തീരുമാനം

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേർത്ത് പിവി അൻവർ പാർട്ടിക്ക് പരാതി നൽകിയത്. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ കമ്മിഷനെവച്ച് പരാതി അന്വേഷിക്കേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

എഡിജിപി എംആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടതില്ല. നിലവിൽ വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. രണ്ട് അന്വേഷണ റിപ്പോ‍ർട്ടുകളും വന്ന ശേഷം മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സിപിഎം വിലയിരുത്തി. അൻവറിൻ്റെ ആരോപണങ്ങളിലും പൂരം കലക്കിയെന്ന വിവാദത്തിലും മുഖ്യമന്ത്രി പിണറായി സ്വീകരിച്ച നിലപാടുകളെ യോഗം അംഗീകരിച്ചു. അതേസമയം പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ചയായി.

റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡിജിപി കൈമാറിയതായി മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. തുടർന്ന് സംഭവത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കെ രാജൻ യോഗത്തില്‍ ഉന്നയിച്ചു. എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെ സ്ഥിതിവിശേഷമല്ല നിലവിലുള്ളത്. സംഭവത്തിൻ്റെ ഗൗരവം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശകൂടി വന്നശേഷം തുടർ അന്വേഷണമടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top