കരുവന്നൂർ മോഡൽ തട്ടിപ്പുകൾക്ക് പിന്നിൽ സിപിഎം കണ്ണൂർ ലോബി; നേതാക്കൾക്കെതിരെ സിപിഎം അണികൾ തെരുവിലിറങ്ങും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന കരുവന്നൂർ മോഡൽ ബാങ്ക് തട്ടിപ്പുകൾക്കെല്ലാം പിന്നിൽ സിപിഎമ്മിലെ കണ്ണൂർ ലോബിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കള്ളപ്പണക്കാരും തട്ടിപ്പുകാരുമായ പാർട്ടി നേതാക്കൾക്കെതിരെ സിപിഎം അണികൾ തെരുവിൽ ഇറങ്ങുന്ന നാളുകൾ വിദൂരമല്ല. സിപിഎം ഇപ്പോൾ അനിവാര്യമായ തകർച്ചയെ നേരിടുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതിയാണ്. അതുകൊണ്ടാണ് അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഹോരാത്രം പരിശ്രമിക്കുന്നത്. കരുവന്നൂർ തട്ടിപ്പിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പോലീസുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഇഡിക്കെതിരെയുള്ള കള്ള തിരക്കഥയുണ്ടാക്കിയത് സിപിഎം സെക്രട്ടറിയാണ്. സഹകരണ ബാങ്കിൽ നിക്ഷേപിച്ച എല്ലാവർക്കും പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് അവരിൽ നിന്നും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുകയാണ് വേണ്ടത് എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇഡി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ഈ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടപ്പെട്ട സിപിഎമ്മുകാരായ നിക്ഷേപകർ തന്നെയായിരുന്നുവെന്ന് ഗോവിന്ദൻ മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേസിലെ സാക്ഷികളും വാദികളും ഇഡിയെ പിന്തുണയ്ക്കുമ്പോൾ വേട്ടക്കാരായ സിപിഎം നേതാക്കൾക്ക് മാത്രമാണ് ഇഡിയെ ഭയമുള്ളത്. ഇത് സിപിഎം അണികൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതുകൊണ്ടാണ് ഗോവിന്ദന് പാർട്ടിയെ ഒറ്റരുതെന്ന സഹതാപത്തിന്റെ പതിനെട്ടാം അടവ് പ്രയോഗിക്കേണ്ടി വന്നത് എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here