ഗുണ്ടാപോലീസിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് മെയിലയച്ച് സിവില്‍ പോലീസ് ഓഫീസര്‍; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍
തിരുവനന്തപുരം: തികച്ചും അസാധാരണ നീക്കത്തിലൂടെ പോലീസിലെ നാറിയ കഥകൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ഏറ്റവും താഴെത്തട്ടിൽ നിന്നൊരു ശ്രമം. പലവിധ വിഷയങ്ങളുടെ പേരിൽ മുൻപ് പലവട്ടം മേലുദ്യോഗസ്ഥരോട് കലഹിച്ച് വാർത്തകളിൽ ഇടംപിടിച്ച കോഴിക്കോട്ടുകാരനായ സിപിഒ യു.ഉമേഷ് ആണ് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ച ശേഷം സ്ക്രീൻഷോട്ട് സഹിതം വിശദാംശങ്ങൾ ഉമേഷ് വള്ളിക്കുന്ന് എന്ന തൻ്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റുചെയ്തത്. ഏതാനും മാസം മുൻപ് നടപടിക്കിരയായി സ്ഥലംമാറ്റപ്പെട്ട് ആറന്മുള സ്റ്റേഷനിൽ എത്തിയ ഉമേഷ് അവിടുത്തെ മേലുദ്യോഗസ്ഥൻ അടക്കമുള്ളവരുടെ വഴിവിട്ട ഇടപാടുകളാണ് മുഖ്യമന്ത്രിക്കുള്ള മെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പോലീസിൽ കീഴ്‌വഴക്കമില്ലാത്ത വിധം തീർത്തും അസാധാരണമായാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ ഒരാൾ മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നത്. കഞ്ചാവ് കേസിലെ പ്രതിയെ ലോക്കപ്പിലടയ്ക്കാതെ നാടുവിടാൻ സഹായിച്ച് ആറന്‍മുള എസ്എച്ച്ഒ, ഗുണ്ടയെ രക്ഷിക്കാന്‍ നിരന്തരം ഇടപെട്ട് പത്തനംതിട്ട ഡിവൈഎസ്പി എന്നിങ്ങനെ തനിക്ക് നേരിട്ടറിയുന്ന കാര്യങ്ങൾ എന്ന നിലയ്ക്കാണ് ഉമേഷ് ഇ-മെയിൽ സന്ദേശത്തിൽ വിശദീകരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത കഞ്ചാവ് വില്‍പ്പനക്കാരനെ രായ്ക്കുരാമാനം സ്റ്റേഷന്‍ ജീപ്പില്‍ കൊണ്ടുപോയി തെങ്കാശിക്കുള്ള ബസ് കേറ്റിവിടാനാണ് ആറന്‍മുള എസ്എച്ച്ഒ തന്നോട് നിര്‍ദ്ദേശിച്ചത്. ഇതിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ കൊടിയ പീഡനം അനുഭവിച്ചു. ക്രിമിനല്‍ കേസ് എടുക്കേണ്ട കുറ്റകൃത്യമായിരുന്നിട്ടും ഇലക്ഷന്‍ ട്രാന്‍സ്ഫര്‍ പോലും ബാധിക്കാതെ അതേ സ്‌റ്റേഷനില്‍ ആ ഉദ്യോഗസ്ഥന്‍ ഇപ്പോഴും ജോലി ചെയ്യുകയാണെന്നും ഉമേഷ് പറയുന്നു.
മദ്യപിച്ച് റോഡില്‍ കിടക്കുക മുതല്‍ എല്ലാ നാണംകെട്ട ഇടപാടുകളും നടത്തുകയാണ് പത്തനംതിട്ട ഡിവൈഎസ്പി. വധശ്രമക്കേസിലടക്കം പ്രതിയായ ഒരു ഗുണ്ടയെ രക്ഷിക്കാൻ നിരന്തരം ഇടപെടുന്നത് ഈ ഡിവൈഎസ്പിയാണ്. മദ്യപിച്ച് റോഡില്‍ കിടക്കുക മുതല്‍ എല്ലാ നാണംകെട്ട ഇടപാടുകളും ഇയാൾ നടത്തുകയാണ്. ഇത് ചൂണ്ടികാണിച്ചതിന്റെ വൈരാഗ്യത്തില്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ഈ ഉദ്യോഗസ്ഥൻ പോലീസ് ആസ്ഥാനത്ത് കയറി ഇറങ്ങുകയാണ്. ഇത്തരം പോലീസ് ക്രിമിനലുകളെ തുറന്നു കാണിച്ചതിൻ്റെ പേരിൽ ജീവന് തന്നെ ഭീഷണി നേരിടുകയാണെന്നും ഉമേഷ് പരാതിയില്‍ പറയുന്നു.
തമ്മനം ഫൈസലിന്റെ വിരുന്നുണ്ട ഡിവൈഎസ്പിയുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉമേഷിൻ്റെ നീക്കം. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ട്. അത് ആരെന്ന് ഡിജിപിയോട് ചോദിച്ചാല്‍ അറിയാന്‍ കഴിയില്ല. അതിന് താഴെക്കിടയിലുളള ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ചോദിക്കണമെന്നും ഉമേഷ് പറയുന്നു. ഗുണ്ടാബന്ധമുള്ള പോലീസുകാരെ കുറിച്ച് ആഭ്യന്തരവകുപ്പിന്റെ കൈയ്യില്‍ കൃത്യമായ വിവരമുണ്ട്. ഇതില്‍ നടപടി സ്വീകരിക്കാതെ പൂഴ്ത്തുകയാണ് ചെയ്യുന്നതെന്ന് പരാതി നല്‍കിയ യു.ഉമേഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. തനിക്കെതിരെ പത്തിലധികം അച്ചടക്ക നടപടിയുണ്ടായി എന്ന് പറഞ്ഞാണ് പുറത്താക്കാന്‍ നോക്കുന്നത്. പലതും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിലാണ്. ഇതെല്ലാം മറച്ചുവച്ചാണ് നടപടിക്ക് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്ത് തന്റെ പരാതി എത്തുമെന്ന് പ്രതീക്ഷയില്ലെന്നും ഉമേഷ് പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here