വിഴിഞ്ഞത്ത് ക്രെയിനുകൾ കപ്പലിൽ തന്നെ; ചൈനക്കാർക്ക് തീരത്ത് ഇറങ്ങാൻ അനുമതിയില്ല; കപ്പൽ 21ന് മടങ്ങേണ്ടി വരും

തിരുവനന്തപുരം: വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പൽ ഷെൻഹുവായ്ക്ക്‌ വൻ സ്വീകരണമൊരുക്കിയത് ഞായറാഴ്ചയാണ്. തുറമുഖത്ത് സ്ഥാപിക്കാനുള്ള കൂറ്റൻ ക്രെയിനുകളുമായാണ് ചൈനീസ് കപ്പല്‍ എത്തിയത്. 12ന് എത്തിയ കപ്പലിന് 21ന് തീരം വിടണമെന്നിരിക്കെ ഇതുവരെ ക്രെയിനുകൾ ഇറക്കാൻ കഴിഞ്ഞിട്ടില്ല. ക്രെയിനുകള്‍ എപ്പോള്‍ ഇറക്കുമെന്ന് പറയാന്‍ സര്‍ക്കാരിനോ അദാനി പോര്‍ട്ട്‌സ് അധികൃതര്‍ക്കോ കഴിയുന്നുമില്ല. 21ന് ശേഷവും കപ്പലിന് തീരത്ത് തുടരണമെങ്കില്‍ ഓരോ ദിവസവും ഉയര്‍ന്ന വാടക നല്‍കേണ്ടി വരും.

ക്രെയിന്‍ ഇറക്കാന്‍ കഴിയാത്തതിന് തുറമുഖ മന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിക്കുന്ന കാരണം കാലാവസ്ഥ അനുകൂലമല്ല എന്നതാണ്. എന്നാൽ അത് ആദ്യ ദിവസങ്ങളിലെ മാത്രം പ്രശ്നം ആയിരുന്നു. കാലാവസ്ഥ അനുകൂലമായി കടൽ ശാന്തമായിട്ടും ക്രെയിൻ ഇറക്കാൻ കഴിയാത്തതിന് ഇപ്പോൾ ഒറ്റ കാരണമേയുള്ളൂ; കപ്പലിലെ ജീവനക്കാരായ ചൈനക്കാർക്ക് തീരത്ത് കാലെടുത്ത് വയ്ക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. ഈ പ്രശ്നം ഇക്കഴിഞ്ഞ ആഴ്ച തന്നെ മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ക്രെയിൻ ഇറക്കുന്ന ജോലിക്ക് വേണ്ടി എത്തിച്ച മുംബൈ കമ്പനിയുടെ ജീവനക്കാർ കപ്പലിൽ എത്തിയിട്ടുണ്ട്. എന്നാൽ വിദഗ്ദരായ ചൈനക്കാരുടെ മേൽനോട്ടത്തിൽ മാത്രമേ അവർക്ക് അത് ചെയ്യാനാകൂ എന്നതാണ് സ്ഥിതി.

ഇത്തരം സാഹചര്യങ്ങളിൽ വേണ്ടത് കസ്റ്റംസ് ക്ലിയറൻസ് ആണ്. ഇവിടെ തുറമുഖം കമ്മിഷൻ ചെയ്യാത്തതിനാൽ കസ്റ്റംസിന് ഓഫീസില്ല, ഇടപെടാൻ പഴുതുമില്ല. പകരം ഇമിഗ്രേഷൻ ക്ലിയറൻസ് നൽകി ചൈനക്കാരെ പുറത്ത് ഇറക്കാൻ കഴിയുന്നത് ഫോറിനേഴ്‌സ് റീജനൽ രജിസ്ട്രേഷൻ ഓഫീസർക്കാണ് (FRRO). അതിനായി കത്ത് നൽകി കാത്തിരിക്കുകയാണ് അദാനി പോർട്സ് അധികൃതർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top