ഹൈക്കോടതിയുടെ വ്യാജഉത്തരവിൽ ഞെട്ടിക്കുന്ന തിരിമറി; നിലം പുരയിടമാക്കാൻ വാങ്ങിയത് 40000 രൂപ; അഭിഭാഷകക്കെതിരെ കേസ്
കൊച്ചി: ഹൈക്കോടതിയുടെയും ഫോർട്ട് കൊച്ചി ആർ.ഡി.ഒയുടെയും പേരിൽ വ്യാജ രേഖകൾ നൽകി വഞ്ചിക്കാൻ ശ്രമിച്ചതിന് ഹൈക്കോടതി അഭിഭാഷകയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക കണ്ടെത്തലുകൾ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. നിലമായിരുന്ന ഭൂമി പുരയിടമാക്കി തരംമാറ്റിയതായുള്ള ഹൈക്കോടതി ഉത്തരവാണ് ആദ്യത്തെ വ്യാജ രേഖ. തരംമാറ്റൽ നടപടി നടക്കുന്നതായുള്ള ആർ.ഡി.ഒ ഓഫീസിൽ നിന്നുള്ള കത്താണ് രണ്ടാമത്തേത്. ഇവ രണ്ടും തയാറാക്കിയതിന്റെ പേരിൽ ഹൈക്കോടതി അഭിഭാഷകയായ പാർവതി.എസ്.കൃഷ്ണനെതിരെ പാലാരിവട്ടം സ്വദേശി ജൂഡ്‌സൺ.പി.ജെയാണ് ഫോർട്ട് കൊച്ചി പൊലീസിന് പരാതി നൽകിയത്.
ജൂഡ്‌സൺന്റെ 11 സെൻറ് നിലമായിരുന്ന ഭൂമി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പുരയിടമാക്കി നൽകാമെന്ന് പറഞ്ഞ് അഭിഭാഷക വക്കാലത്ത് ഒപ്പിട്ട് വാങ്ങി. 40000 രൂപ ഫീസായി അഭിഭാഷകയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ജൂഡ്‌സൺ അയക്കുകയും ചെയ്തു. പിന്നീട് തരംമാറ്റൽ നടക്കുന്നതായി കാണിച്ചുള്ള ഫോർട്ട്കൊച്ചി ആർ.ഡി.ഒയുടെ ഒപ്പുള്ള കത്തുകളും ഹൈക്കോടതി ഉത്തരവും ജൂഡ്സണ് നൽകി. ഈ വിധിയുടെ പകർപ്പുമായി ആർ.ഡി.ഒ ഓഫീസിൽ എത്തിയപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.
ഫോർട്ട്കൊച്ചി പോലീസ് സംഭവത്തിൽ കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ആർ.ഡി.ഒയുടെ പേരിൽ വ്യാജ കത്ത് നൽകിയതിന് ഫോർട്ട് കൊച്ചി സബ് കലക്ടറും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here