എയറിലായി പാകിസ്താനും അഫ്ഗാനും; കിവീസിന് ജയം

ബംഗളൂരു: സെമി ഫൈനൽ സാധ്യത നിലനിർത്തി കിവീസ്. ലോകകപ്പിൽ ഇന്ന് അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് ശ്രീലങ്കയെ തകർത്തത്. കുശാൽ പെരേര ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി സ്വന്തമാക്കിയിട്ടും ലങ്കൻ ബാറ്റിംഗ് നിരയ്ക്ക് സ്കോർ 200 കടത്താനായില്ല. ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 46.4 ഓവറിൽ 171 റൺസിന് ഓൾ ഔട്ടായി. 22 പന്തിൽ 51 റൺസെടുത്ത ടോപ് സ്കോറർ കുശാൽ പെരേരയെ ലോക്കി ഫെർഗൂസന്റെ പന്തിൽ മിച്ചൽ സാന്റ്നർ പിടിച്ച് പുറത്താക്കുകയായിരുന്നു.
അവസാന വിക്കറ്റിൽ മഹീഷ് തീക്ഷണയും ദിൽഷൻ മധുശങ്കയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ലങ്കൻ സ്കോർ 150 കടത്തിയത്. തീക്ഷണ 91 പന്തിൽ പുറത്താവാതെ 38 റൺസെടുത്തപ്പോൾ മധുശങ്ക 48 പന്തിൽ 19 റൺസ് നേടി. കിവീസിനായി ട്രെൻഡ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വീതവും ടിം സൗത്തി ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിലക്ഷ്യം മറികടക്കുകയായിരുന്നു. 45 റൺസ് നേടിയ ഡിവോൺ കോൺവേ 43 റൺസ് നേടിയ ഡാരിയൽ മിച്ചൽ 42 റൺസ് നേടിയ രചിൻ രവീന്ദ്ര എന്നിവരാണ് കിവീസ് വിജയം അനായാസമാക്കിയത്. ശ്രീലങ്കക്കായി വിക്കറ്റും വീഴ്ത്തി. ഏയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റും മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പ്രാഥമിക റൗണ്ടിൽ ഇരുടീമുകളുടേയും അവസാന മത്സരമാണിത് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടന്നത്. ജയത്തോടെ സെമി പ്രതീക്ഷകൾ കിവീസ് നിലനിർത്തി. നിലവിൽ പത്ത് പോയിൻ്റാണ് ന്യൂസിലൻസിനുള്ളത്. ഓരോ മത്സരങ്ങൾ വീതം ബാക്കിയുള്ള പാകിസ്താനും അഫ്ഗാനിസ്താനുമാണ് നിലവിൽ സെമി സാധ്യതയുള്ളത്. ടീമുകൾ. ഇരുടീമുകൾക്കും എട്ട് പോയിൻ്റ് വീതമാണുള്ളത്. അടുത്ത മത്സരത്തിൽ ജയിച്ചാലും റൺറേറ്റ് കൂടി അടിസ്ഥാനപ്പെടുത്തിയാകും അവരുടെ സെമി പ്രവേശം. നെറ്റ് റൺറേറ്റിൽ ന്യൂസിലൻഡ് നിലവിൽ മുന്നിലാണ്. ശ്രീലങ്ക ഇതിനോടകം പുറത്തായിട്ടുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് നിലവിൽ സെമി ഉറപ്പിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here