ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ഥിയായേക്കും; ഗുരുദാസ്പൂരില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം

ചണ്ഡീഗഡ്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവരാജ് സിംഗ് ബിജെപിയിൽ ചേരുമെന്നും ഈ സീറ്റിൽ മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായത്.

നിലവില്‍ നടന്‍ സണ്ണി ഡിയോൾ ആണ് ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപി. മണ്ഡലത്തില്‍ എത്താത്ത സണ്ണി ഡിയോളിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിമര്‍ശനമുന്നയിച്ചിരുന്നു. സണ്ണി ഡിയോളിനെപ്പോലുള്ള ‘വലിയ ആളുകൾ’ ഒന്നും ചെയ്യില്ലെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വോട്ട് ചെയ്താല്‍ എന്തെങ്കിലും ഗുണം ഉണ്ടാകുമെന്നും കേജ്‌രിവാൾ പറഞ്ഞു. എന്നാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യോഗ്യനല്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സണ്ണി ഡിയോൾ കഴിഞ്ഞ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. ഈ സീറ്റിലേക്കാണ് യുവരാജിനെ പ്രതീക്ഷിക്കുന്നത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും നിര്‍ണായക പങ്കുവഹിച്ചത്. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവരാജ് ആയിരുന്നു ടൂര്‍ണമെന്‍റിലെ താരം. ലോകകപ്പിന് പിന്നാലെ ക്യാന്‍സര്‍ ബാധിതനായ യുവരാജ് ചികിത്സയിലൂടെ രോഗമുക്തി നേടിയതിനുശേഷം വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുകയും ചെയ്തു. വിരമിച്ചശേഷം ക്രിക്കറ്റ് കമന്‍റേറ്ററായും യുവി തിളങ്ങിയിരുന്നു.

എന്നാല്‍ ഇതാദ്യമായല്ല ബിജെപി ഗുരുദാസ്പൂരില്‍ സെലിബ്രിറ്റി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്. അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയുും മുമ്പ് പാര്‍ലമെന്‍റില്‍ ഗുരുജാസ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top