എപിപിയുടെ മരണത്തില്‍ നിര്‍ണായക നീക്കം; ക്രൈംബ്രാഞ്ച് സംഘം ഡിജിപിയെ കണ്ട് നിയമോപദേശം തേടി; ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയേക്കും
കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യ (44) യുടെ ആത്മഹത്യ നടന്ന് ഒരു മാസം പൂര്‍ത്തിയായിരിക്കെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് സംഘം. ഇന്ന് കൊച്ചിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെക്കണ്ട് നിയമോപദേശം തേടി. അന്വേഷണ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആരോപണവിധേയരായവര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും അസിസ്റ്റന്റ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായതിനാല്‍ പഴുതടച്ചുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. ഡിജിപിയുടെ ഉപദേശപ്രകാരമാകും കേസില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുക.
അനീഷ്യക്ക് നീതി വൈകുന്നതില്‍ അസംതൃപ്തിയുമായി ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. എപിപിയുടെ ആത്മഹത്യ ഐപിഎസ് ഓഫീസര്‍ അന്വേഷിക്കണം, അല്ലെങ്കില്‍ സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നാണ് ഹൈക്കോടതിക്ക് നല്‍കിയ നിവേദനത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ അതൃപ്തി മറനീക്കിയതോടെയാണ് തൊട്ടടുത്ത ദിവസം തന്നെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിജിപിയെ നേരിട്ട് കണ്ട് നിയമോപദേശം തേടിയത് എന്ന് ശ്രദ്ധേയമാണ്. എപിപിക്ക് മരണാനന്തര നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഇ.ഉഷ അടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഡ്യ കൂട്ടായ്മ മാര്‍ച്ച് എട്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ നിരാഹാരസമരം നടത്തുന്നുണ്ട്.
അനീഷ്യയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സഹപ്രവര്‍ത്തകരില്‍ നിന്നും അനീഷ്യ നേരിട്ട മാനസിക പീഡനം ചൂണ്ടിക്കാട്ടി ബന്ധുക്കളും ഭര്‍ത്താവ് മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത് കുമാറും ക്രൈംബ്രാഞ്ചിന് മൊഴി കൊടുത്തിട്ടുണ്ട്.
എപിപി ജീവനൊടുക്കിയിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കെ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ അമ്മ വികാരനിര്‍ഭരമായ കുറിപ്പുമായി രംഗത്ത് വന്നിരുന്നു. “എന്റെ മകള്‍ക്ക് നീതി എവിടെ? ഹൃദയം നുറുങ്ങി ഒഴുകുന്ന രക്തത്തിന് മറുപടിയില്ലേ? ‘ എന്നാണ് അമ്മ കത്തിലൂടെ ചോദിച്ചത്. “അനീതിയും ആധിപത്യവും നിക്ഷിപ്ത താല്പര്യവും ആയുധങ്ങളാക്കിയ ഒരു കൂട്ടം ആൾക്കാർ കരുതിക്കൂട്ടി ആസൂത്രണം ചെയ്തു നടത്തിയ ആൾക്കൂട്ട കൊലപാതകമാണ് എന്റെ മകളുടെ ആത്മഹത്യ”യെന്നും അമ്മ കുറിച്ചിരുന്നു.
അനീഷ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള കൊല്ലം ജില്ലാ പ്രോസിക്യുഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീൽ, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാം കൃഷ്ണൻ എന്നിവരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനുശേഷം മറ്റ് നടപടികള്‍ ഒന്നും വന്നിട്ടില്ലെന്നാണ് കുടുംബത്തെ അസ്വസ്ഥരാക്കുന്നത്. കഴിഞ്ഞ മാസം 21നാണ് നെടുങ്ങോലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here