ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ചു; നേരത്തെ തിരസ്കരിച്ചത് പിഴവുകള്‍ ചൂണ്ടിക്കാട്ടി

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം കോടതി സ്വീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. പിഴവുകള്‍ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് നേരത്തെ നല്‍കിയ കുറ്റപത്രം കോടതി മടക്കിയിരുന്നു.

ആദ്യം കേസ് അന്വേഷിച്ച പേട്ട പൊലീസ് തയ്യാറാക്കിയ സീൻമഹസർ അടക്കമുള്ള രേഖകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. കുറ്റപത്രം അപൂർണമാണെന്ന് വിലയിരുത്തിയാണ് കോടതി തള്ളിയത്. ഇതെല്ലാം ഉള്‍പ്പെടുത്തി രണ്ടാമതും നല്‍കിയ കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്.

ലൈംഗിക അതിക്രമം തടയാനാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യ കേസിലാണ് കുറ്റപത്രമായത്. ഗംഗേശാനന്ദയെ ആക്രമിച്ച കേസില്‍ പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇനി നല്‍കും.

2017 മേയ് 19നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരം കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടിലാണ് സംഭവം. ഗംഗേശാനന്ദ കിടന്നുറങ്ങിയപ്പോഴാണ് സ്വാമിയെ പെണ്‍കുട്ടി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പുറത്തേക്ക് ഓടിയ പെൺകുട്ടിയെ ഫ്ലൈയിംഗ് സ്‌ക്വാഡാണ് സ്റ്റേഷനിലെത്തിച്ചത്. സംഭവം കേരളത്തില്‍ വിവാദമായി.

വീട്ടിൽ പൂജയ്ക്ക് എത്തുന്ന സ്വാമിയുടെ നിരന്തരം പീഡനം സഹിക്കാതെയാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പക്ഷെ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. സ്വാമി അക്രമിച്ചില്ലെന്നും സുഹൃത്ത് അയ്യപ്പദാസ് പറഞ്ഞാണ് അതിക്രമം നടത്തിയത് എന്ന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ച് ബലാത്സംഗകുറ്റം ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top