ബാര്‍ക്കോഴ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഇടുക്കിയിലേക്ക്; അനിമോന്റെ മൊഴിപ്രകാരം തുടര്‍നീക്കം; ബാറുടമകളെ വെട്ടിലാക്കി പരിശോധനക്ക് ആദായനികുതിയും
തിരുവനന്തപുരം: ബാർക്കോഴ വിവാദത്തില്‍ മന്ത്രി എം.ബി.രാജേഷ് നല്‍കിയ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനിൽ നിന്ന് മൊഴിയെടുക്കാനാണ് യാത്ര. വിവാദത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്.
അനിമോന്റെ മൊഴി അനുസരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. കൊച്ചിയില്‍ നടന്ന ബാര്‍ ഉടമകളുടെ യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
ഓഡിയോ സന്ദേശം വിവാദമായതോടെ ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് അനിമോൻ മലക്കംമറിഞ്ഞിട്ടുണ്ട്. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. “ഓഡിയോ എൽഡിഎഫിനും സർക്കാരിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ല.” – സന്ദേശത്തില്‍ അനിമോൻ വ്യക്തമാക്കുന്നു. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ വാദം ആവർത്തിക്കുകയാണ് പുതിയ സന്ദേശത്തില്‍ ചെയ്യുന്നത്. വിവാദം പുകയാതെ ഒത്തുതീര്‍ക്കാന്‍ തീവ്രശ്രമം അണിയറയില്‍ നടക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here