കുട്ടിയെ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന്; മറനീക്കാൻ പൊരുത്തക്കേടുകളും ദുരൂഹതകളും ഏറെ

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല. കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ മാത്രമാണ് പ്രതികള്‍ എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ഈ കേസിലെ പോലീസ് വിശദീകരണത്തില്‍ പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പത്മകുമാറിനും കുടുംബത്തിനും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ പത്മകുമാര്‍ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു പോലീസ് വിശദീകരണം. ഇത് വിശ്വാസയോഗ്യമല്ലെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്.

കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു. സ്വത്ത് വിറ്റ്‌ കടങ്ങള്‍ വീട്ടാന്‍ ശ്രമിക്കാതെ തട്ടിക്കൊണ്ട് പോകല്‍പോലെയുള്ള ഗുരുതര കുറ്റകൃത്യത്തില്‍ ഇവര്‍ ഏര്‍പ്പെട്ടതെന്തിന് എന്ന് വിശദീകരിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്.

നവംബര്‍ 27-ാം തീയതി വൈകിട്ടാണ് കൊല്ലം ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ ജോനാഥന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും തള്ളിയിട്ട് കാറിലെത്തിയവര്‍ കുട്ടിയുമായി കടന്നു. സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ പോലീസ് സടകുടഞ്ഞെഴുന്നേറ്റു. കുഞ്ഞിനെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ നടന്നു. നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് പിറ്റേദിവസം ഉച്ചയ്ക്ക് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ തെങ്കാശി പുളിയറയിലുള്ള ഹോട്ടലില്‍ നിന്നും പത്മകുമാറിനെയും കുടുംബത്തെയും പോലീസ് കുടുക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top