മരട് ഫ്ളാറ്റ് ക്രമക്കേടിൽ കുറ്റപത്രം തയ്യാറാകുന്നു; ഉദ്യോഗസ്ഥ-രാഷ്ട്രിയ തലങ്ങളിലെ കൊടിയ അഴിമതിക്ക് തെളിവുകൾ വസ്തുതാന്വേഷണ റിപ്പോർട്ടിൽ
കൊച്ചി: മരടില്‍ തീരദേശച്ചട്ടം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷന് കളമൊരുങ്ങി. ക്രൈംബ്രാഞ്ച് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കുന്നതിൻ്റെ അന്തിമഘട്ടത്തിലേക്ക് കടന്നു. മരട് പഞ്ചായത്ത് തലത്തിൽ നടന്ന കൊടിയ അഴിമതിയാണ് ചട്ടംലംഘിച്ചുള്ള നിർമാണത്തിലേക്കും കേട്ടുകേൾവിയില്ലാത്ത വിധമുള്ള ഫ്ളാറ്റ് ഇടിച്ചുനിരത്തിലേക്കും എത്തിച്ചതെന്ന് വ്യക്തമായി. ഇത് സാധൂകരിക്കുന്ന ഒട്ടേറെ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു.
ഫ്ളാറ്റ് നിര്‍മാണക്കമ്പനിയായ ഹോളിഫെയ്ത്ത് ബിൽഡേഴ്സ് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ്, യുഡി ക്ലര്‍ക്കായിരുന്ന ജയറാം നായിക് എന്നിവരാണ് ഒന്ന് മുതൽ നാലുവരെ പ്രതിസ്ഥാനത്ത്. ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അഴിമതിനിരോധന നിയമപ്രകാരമാണ് കേസ്. ഫ്ലാറ്റിന് പെർമിറ്റ് നൽകുന്ന കാലത്ത് നഗരസഭയില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതിചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍. പെർമിറ്റിൽ കള്ളക്കളി നടന്നത് ഇവരുടെ ഒത്താശയോടെയാണ്. മൊഴികളും രേഖകളും പരിശോധിച്ചാണ് ഈ നിലപാടിലെത്തിയത് എന്നും വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നു. 27 പേജുള്ള റിപ്പോര്‍ട്ടില്‍ അന്നുണ്ടായ ഗൂഡാലോചന കൃത്യമായി വിശദീകരിക്കുന്നുണ്ട്. കുറ്റപത്രത്തിന് സർക്കാർ ഉടന്‍ അനുമതി നല്‍കും. ഇതോടെ കേസ് വിചാരണയിലേക്ക് കടക്കും.
2005-2006 കാലയളവില്‍ മരട് മുന്‍സിപ്പാലിറ്റിയില്‍ കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് ആണ് ബാധകമായിരുന്നത്. ഇത് പ്രകാരം സമർപ്പിക്കേണ്ടിയിരുന്ന കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ പോലും പെര്‍മിറ്റ് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നില്ല. അങ്ങനെ നിയമപരമല്ലാത്ത അപേക്ഷയിലാണ് അനുമതി നല്‍കലുണ്ടായത്. പഞ്ചായത്തില്‍ ലഭിക്കുന്ന പെര്‍മിറ്റ് അപേക്ഷകള്‍ പരിശോധിച്ചിരുന്നത് സെക്രട്ടറിയായ രണ്ടാം പ്രതിയാണ്. ജൂനിയര്‍ സൂപ്രണ്ടായ മൂന്നാം പ്രതിക്കും സെക്ഷന്‍ ക്ലാര്‍ക്കായ നാലാം പ്രതിക്കും ഉത്തരവാദിത്വമുണ്ട്. മരടില്‍ സെക്രട്ടറിയായിരുന്ന പിജെ ആന്‍ണി, സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കരണ്‍ കെഡി, മോഹന്‍ദാസ്, ഐസക് ജോര്‍ജ്, കെവി വിജേഷ്, ബി അജിത എന്നീ ഉദ്യോഗസ്ഥരുടെ മൊഴിയും പ്രതികള്‍ക്ക് എതിരാണ്.
തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകൾ നിര്‍മിക്കാന്‍ അനുവാദം നല്‍കിയെന്ന കേസില്‍ മരട് പഞ്ചായത്ത് ആയിരുന്ന കാലത്തെ ഉദ്യോഗസ്ഥര്‍ക്കും ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കും എതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തി അന്വേഷണം നടത്താന്‍ 2019ല്‍ തന്നെ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മരടില്‍ തീരദേശചട്ടം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥര്‍ക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് നേരത്തെ ചര്‍ച്ചയായിരുന്നു. ഫ്ളാറ്റുകൾ ഇടിച്ചുനരത്താൻ ഉത്തരവിട്ടതിനൊപ്പം അനധികൃത നിർമാണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here