നനഞ്ഞ പടക്കമായി മാന്നാർ കല കൊലക്കേസ്; വിദേശത്തുള്ള ഭർത്താവിനെ നാട്ടിലെത്തിക്കാൻ റെഡ്കോർണർ നോട്ടീസിന് അനുമതിയായില്ല

കാടിളക്കിയുള്ള ആദ്യത്തെ അന്വേഷണ കോലാഹാലങ്ങൾക്ക് ശേഷം ഇടിച്ചുനിൽക്കുകയാണ് ആലപ്പുഴ ചെന്നിത്തലയിൽ നിന്ന് 22കാരി കലയെ കാണാതായ കേസ്. കൊല്ലപ്പെട്ടുവെന്നും മൃതദേഹം കണ്ടുവെന്നും മറ്റുമുള്ള മൊഴികളല്ലാതെ തെളിവുകളൊന്നും ഇനിയും കിട്ടിയിട്ടില്ല. സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന സംശയത്തിൽ അത് കോരി പരിശോധിച്ചിട്ടും മൃതദേഹത്തിൻ്റെ ഒരവശിഷ്ടവും കിട്ടിയിട്ടില്ല. തുടർന്നാണ് ഇസ്രയേലിലുള്ള ഭർത്താവ് അനിൽ കുമാറിനെ നാട്ടിൽ എത്തിച്ചാലേ ഇനി അന്വേഷണം മുന്നോട്ട് പോകൂവെന്നും അതിനുള്ള നടപടി തുടങ്ങുന്നുവെന്നും ആലപ്പുഴ പോലീസ് പ്രഖ്യാപിച്ചത്. എന്നാൽ അതത്ര എളുപ്പമല്ലെന്നും ശാസ്ത്രീയ തെളിവില്ലാതെ ആരെയും നാടുകടത്താൻ അനുമതി കിട്ടില്ലെന്നും രണ്ടാഴ്ച മുൻപ് തന്നെ മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തേണ്ടത് ഇൻ്റർപോൾ മുഖേനയാണ്. റെഡ്കോർണർ നോട്ടീസ് പുറപ്പടുവിക്കുകയാണ് ആദ്യപടി. എന്നാലിതിന് കൃത്യമായ തെളിവുകൾ വേണം. വെറും സംശയത്തിൻ്റെ പേരിൽ ആരുടെയും ജോലിയും മാനവും കളഞ്ഞ് പിടികൂടി കൊണ്ടുവരാൻ ഇൻ്റർപോൾ കൂട്ടുനിൽക്കില്ല. അത് നന്നായി അറിയാവുന്നത് അവരുമായി നിരന്തരം ബന്ധപ്പെട്ട് നിൽക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേരളത്തിലെ ക്രൈംബ്രാഞ്ചിനുമാണ്. വേണ്ടത്ര തെളിവുകളില്ലാതെ അപേക്ഷ അയച്ചതിൻ്റെ പേരിൽ അടുത്തകാലത്ത് ഒട്ടേറെ അപേക്ഷകൾ കേന്ദ്രം നിരാകരിച്ചത് അറിയുന്ന ക്രൈംബ്രാഞ്ച് ആദ്യം തന്നെ ആലപ്പുഴ പോലീസിൻ്റെ അപേക്ഷയിൽ കൂടുതൽ വിശദീകരണം തേടി തിരിച്ചയച്ചു. പിന്നീട് കിട്ടിയ വിശദീകരണവും തൃപ്തികരം ആകാത്തതിനാൽ വീണ്ടും ചോദിച്ചിരിക്കുകയാണ്.
നാട്ടിലെത്തിക്കേണ്ട ആളെ പ്രതിചേർത്ത് കുറ്റപത്രം കോടതിയിൽ നൽകിയ കേസ് ആണെങ്കിൽ ഇൻ്റർപോൾ പരിഗണിക്കും. അല്ലെങ്കിൽ തെളിവുകൾ ബോധ്യപ്പെടുത്താൻ പണിപ്പെടേണ്ടി വരും. ഇവിടെ കലയുടെ കേസിൽ അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. കല കൊല്ലപ്പെട്ടു എന്നുതന്നെ ഉറപ്പിക്കാൻ കഴിയുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ല. ഈ സാഹചര്യത്തിൽ ഇൻ്റർപോളിന് അയച്ചുനോക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. തുടരന്വേഷണത്തിൽ കൂടുതൽ എന്തെങ്കിലും തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയും ചേർത്ത് അപേക്ഷ നൽകാൻ നിർദേശിച്ചാണ് ആലപ്പുഴയിൽ നിന്നുള്ള അപേക്ഷ ക്രൈംബ്രാഞ്ച് മടക്കിയത്.
കൃത്യം ഒരുവർഷം മുൻപാണ് പത്തനംതിട്ടയിൽ നിന്ന് കാണാതായ നൗഷാദ് എന്നയാളെ ഭാര്യ കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ് ഇവർ താമസിച്ചിരുന്ന വീട് കുഴിച്ച് പരിശോധിച്ചത്. കൊലപ്പെടുത്തിയെന്ന് ഭാര്യ ഏറ്റുപറയുക പോലും ഉണ്ടായിരുന്നു. തുടർന്ന് മൃതദേഹം കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയിൽ നിന്ന് ജീവനോടെ കണ്ടെത്തിയത്. ഇത്തരം അനുഭവങ്ങൾ മുന്നിലുള്ളപ്പോഴാണ് ആലപ്പുഴ കേസിൽ ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലാതെ ഭർത്താവിനെ പ്രതിചേർക്കാനും വിദേശത്ത് നിന്ന് നാടുകടത്തി എത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here