ഹൈക്കോടതിയെ പ്രതിക്കൂട്ടിലാക്കിയത് അഭിഭാഷകരുടെ വ്യക്തിവിരോധം; ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ പൂർണ വിവരങ്ങൾ

കൊച്ചി: ഒരുകൂട്ടം അഭിഭാഷകർ തമ്മിലുണ്ടായ വ്യക്തിവിരോധമാണ് കേരള ഹൈക്കോടതിയെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിലേക്ക് കൊണ്ടെത്തിച്ച കോഴയാരോപണത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അനുകൂലവിധി കിട്ടാൻ ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവില്ലെന്ന് അറിയിച്ച് കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ ഗുരുതര കണ്ടെത്തൽ. ജഡ്ജിമാർക്ക് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് സൈബി പണം വാങ്ങിയെന്നത് വെറും കേട്ടുകേൾവിയായാണ് സാക്ഷികൾ അവതരിപ്പിക്കുന്നത്. എതിർകക്ഷികളായി രംഗത്തെത്തിയ അഭിഭാഷകർക്കും തെളിവുകൾ ഹാജരാക്കാനോ, അതനുസരിച്ചുള്ള വിവരങ്ങൾ നൽകാനോ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊഴികൾ പരസ്പരവിരുദ്ധവും ആണ്. ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ വഴിയൊന്നുമില്ലെന്ന് വ്യക്തമായി പറഞ്ഞാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

192 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി, മൊബൈൽ ഫോണുകളും വാട്സാപ്പ് രേഖകളും അടക്കം പരിശോധിച്ചുമാണ് ക്രൈംബ്രാഞ്ച് നിഗമനം ഉറപ്പിച്ചത്. ഈ റിപ്പോർട്ടിലെ പൂർണ വിവരങ്ങളാണ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള ആരോപണങ്ങളും അതിനെച്ചൊല്ലിയുള്ള ചർച്ചകളുമാണ് മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞത്. തുടർന്ന് പോലീസ് അന്വേഷണം വന്നതോടെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റായിരുന്നു സൈബി ജോസിന് സ്ഥാനമൊഴിയേണ്ടി വന്നു. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും അക്കാര്യം ഹൈക്കോടതിയിൽ അറിയിക്കുകയും ചെയ്ത ശേഷം ആ വിവരം ഒറ്റ ദിവസത്തെ വാർത്തയായി ചുരുങ്ങി. ഈ സാഹചര്യത്തിലാണ് പരമാവധി വിവരങ്ങൾ ശേഖരിക്കാൻ മാധ്യമ സിൻഡിക്കറ്റ് ശ്രമിച്ചത്. റിപ്പോർട്ടിൻ്റെ പകർപ്പ് ഇനിയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

ഈ വർഷം ജനുവരിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അലക്സാണ്ടർ തോമസ് എന്നിവരുടെ കോടതികളിൽ പരിഗണനയിലിരുന്ന വിവിധ കേസുകളിലെ കക്ഷികളിൽ നിന്ന് ഈ ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ സൈബി ജോസ് പണം വാങ്ങിയെന്ന് ആയിരുന്നു ആരോപണം. വാർത്തകൾ പുറത്തുവന്ന് വിഷയം വൻ വിവാദമായി വളരാൻ തുടങ്ങിയ ഘട്ടത്തിലാണ് ജഡ്ജിമാരുടെ ഫുൾകോർട്ട് യോഗം ചേർന്ന് പോലീസ് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചത്. നേരത്തെ ഹൈക്കോടതി വിജിലൻസ് നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സഹിതം ഡിജിപിക്ക് കത്ത് നൽകിയതോടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആദ്യ അന്വേഷണം തുടങ്ങി. തുടർന്ന് ഇതിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം. ഇത്രയും നടപടികൾക്ക് ശേഷമാണ് ഇപ്പോൾ എല്ലാത്തിനും അവസാനമാകുന്നത്.

പണം നൽകി സൈബി ജോസ് ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന് ആരോപണം ഉയർന്ന കേസുകൾ ഓരോന്നും അന്വേഷണസംഘം വിശദമായി പരിശോധിച്ചു. കൊച്ചിയിലെ സിനിമാ നിർമാതാവ് പ്രതിയായ പീഡനക്കേസ്, പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് പ്രകാരം റാന്നി പോലീസെടുത്ത കേസ്, കൊച്ചി ചേരാനല്ലൂരിലെ ദമ്പതികൾ തമ്മിലുള്ള കേസ് എന്നിവയിലെ കക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തി. കക്ഷികൾക്ക് ആർക്കും കോഴക്കാര്യം നേരിട്ടറിയില്ല. അവിഹിതമായി എന്തെങ്കിലും നടന്നതായി അന്വേഷണ ഉദ്യോഗസ്ഥരും മൊഴി നൽകിയില്ല. അനുകൂലവിധിക്കായി ജസ്റ്റിസ് അലക്സാണ്ടർ തോമസിന് 30 ലക്ഷം നൽകിയെന്ന് ആരോപണമുയർന്ന ഒരു കേസ് പക്ഷെ തീർപ്പാക്കിയത് ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ ആയിരുന്നു. വൻതുക ചിലവഴിച്ചാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി നേടിയതെന്ന്, തൻ്റെ ചായക്കടയിലെത്തിയ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നത് കേട്ടുവെന്നാണ് ഒരു സാക്ഷിയുടെ മൊഴി.

അഭിഭാഷകരായ ജെഎസ് അജിത്കുമാർ, വിഎസ് ടോഷിൻ, ജോൺ വർഗീസ് എന്നിവരാണ് കേസിലെ പ്രധാന സാക്ഷികൾ. ഇവർക്കാർക്കും തെളിവൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. തെളിവ് ശേഖരിക്കാൻ കഴിയുന്ന മറ്റെന്തെങ്കിലും സാധ്യതയും ഇവർക്ക് നിർദേശിക്കാനായില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേട്ടുകേൾവിയുടെ സ്വഭാവത്തിലുള്ള മൊഴികളാണ് ഇവർ ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറും പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മിഷണറും നടത്തിയ അന്വേഷണത്തിൽ നൽകിയിട്ടുള്ളത്. മൊഴികളിൽ വൈരുധ്യങ്ങളും ഉണ്ട്. മാത്രവുമല്ല, കോഴയാരോപണത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് ആദ്യമായി വിഷയം പൊതുജനമധ്യത്തിൽ എത്തിച്ച അഡ്വ ജെ എസ് അജിത്കുമാർ സൈബിയുടെ അയൽവാസിയാണെന്നും ഇവർ തമ്മിൽ മുമ്പ് തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറ്റൊരു സാക്ഷി അഡ്വ. ജോൺ വർഗീസ് ആണ് ആരോപണം ആദ്യം ബന്ധപ്പെട്ട ജഡ്ജിമാർക്ക് മുന്നിൽ അവതരിപ്പിച്ചത്.

കൊച്ചിയിലെ സിനിമാ നിർമാതാവ് പ്രതിയായ പീഡനക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുക്കാൻ ഏറ്റത് അഡ്വ സൈബി ആയിരുന്നു. ഇക്കാലത്ത് സൈബിക്കൊപ്പം ഉണ്ടായിരുന്ന അഡ്വ ടോഷിൻ പിന്നീട് ഏറെ നാളുകൾക്ക് ശേഷം ഒരു ബാർ ഹോട്ടലിൽ വച്ച് നിർമാതാവിനെ കണ്ടുമുട്ടുന്നു. ജാമ്യത്തിനായി സൈബിക്ക് നൽകേണ്ടിവന്ന തുകയെക്കുറിച്ച് ഇരുവരും തമ്മിൽ സംസാരിക്കുന്നു. സൈബിയുടെ സന്തതസഹചാരി ആയിരുന്നെങ്കിലും പിന്നീട് അകൽച്ചയിലായ ടോഷിൻ ഇക്കാര്യം അഡ്വ ജെ എസ്‌ അജിത്കുമാറുമായും മറ്റ് പലരുമായും സംസാരിക്കുന്നു. തുടർന്നാണ് ഈ തുകയിൽ വലിയൊരു ഭാഗം ജാമ്യാപേക്ഷയിൽ വാദംകേട്ട ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ സൈബി നിർമാതാവിൽ നിന്ന് വാങ്ങിയതാണെന്ന ആരോപണം ഉയരുന്നത്. ഇവർ തന്നെ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ്റെ മുന്നിലും ഈ ആരോപണം എത്തിച്ചു. ഇതിനൊപ്പമാണ് അഡ്വ വിഎസ് അജിത് കുമാറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റും വരുന്നത്. തുടർന്ന് ഏതാനും ദിവസങ്ങൾ കൊണ്ട് ഹൈക്കോടതിയെ ആകമാനം പ്രതിക്കൂട്ടിലാക്കുന്ന നിലയിലേക്ക് വിവാദം വളരുകയായിരുന്നു.

അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ നടപടികൾ രണ്ടു മാസത്തിനുള്ളിൽ അവസാനിപ്പിക്കാൻ ഹൈക്കോടതി ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം ആദ്യം സമർപ്പിച്ച റിപ്പോർട്ട് സാക്ഷിമൊഴികൾ ഒപ്പംചേർത്തില്ല എന്ന് കാണിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി മടക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിസ്ഥാനത്തുള്ള അഡ്വ സൈബിക്കും പകർപ്പ് എടുക്കാനായില്ല. സാക്ഷിമൊഴികളും ചേർത്ത് കഴിഞ്ഞയാഴ്ച വീണ്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനൻ തുടങ്ങിവച്ച അന്വേഷണം അദ്ദേഹം സ്ഥലംമാറിയ ശേഷം എസ്പി കെ.എൽ. ജോൺകുട്ടിയാണ് പൂർത്തിയാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top