യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജരേഖ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു; ഡിഐജി ജെ.ജയനാഥിൻ്റെ കീഴിൽ പ്രത്യേകസംഘം അന്വേഷിക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി വ്യാജതിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസ് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും. കേസിൻ്റെ ഗൌരവസ്വഭാവം കണക്കിലെടുത്ത് ഡിഐജി ജെ.ജയനാഥിൻ്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് എഡിജിപി ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് റജിസ്റ്റർ ചെയ്ത കേസാണ് കൈമാറിയത്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജരേഖ ഉണ്ടാക്കിയെന്ന് കാണിച്ച് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ നേരത്തെഎടുത്ത കേസിൽ ഏതാനും അറസ്റ്റ് ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതിപ്പെട്ടിട്ടില്ല എന്നതടക്കം കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് കാണിച്ച് കമ്മിഷൻ രേഖാമൂലം പോലീസിൽ പരാതി നൽകിയത്.

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നവരായിരുന്നു അറസ്റ്റിലായത്. ഇവർ ചേർന്ന് ഒരുലക്ഷത്തിലധികം വ്യാജ കാർഡുകൾ ഉണ്ടാക്കിയെന്നാണ് നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top